മലപ്പുറം:അമ്പലപ്പടി ബൈപ്പാസിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധികയുടെ രണ്ടു പവൻ സ്വർണാഭരണം മൂന്നംഗ മുഖംമൂടി സംഘം കവർന്നു. പരേതനായ വിമുക്തഭടൻ പാലിക്കാത്തോട്ടിൽ വിജയകുമാറിൻ്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് കവർന്നത്.
മോഷ്ടാക്കളുമായുള്ള മൽപ്പിടുത്തത്തിലും വീഴ്ചയിലും പരിക്കേറ്റ ചന്ദ്രമതി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ബന്ധുക്കളുടെ വീടിനു സമീപത്തുള്ള വീട്ടിലാണ് ചന്ദ്രമതി തനിച്ചു താമസിക്കുന്നത്. ഇന്നലെ രാത്രി 9 മണിക്ക് വീടിനു പുറത്തുനിന്ന് പടക്കം പൊട്ടുന്നത് പോലെ ശബ്ദം കേട്ടു. കുടിവെള്ള ടാങ്കിനു മുകളിൽ തേങ്ങ വീണതാകും എന്നു കരുതി ചന്ദ്രമതി അടുക്കള വശത്തെ വാതിൽ തുറന്ന് ലൈറ്റ് ഇട്ട് പുറത്തിറങ്ങി.
ഉടൻ രണ്ടുപേർ ചേർന്ന് മുഖത്തേക്കും ശരീരത്തിലേക്കും മുളകുപൊടി എറിഞ്ഞു. മറ്റൊരാൾ പുറകിൽ നിന്ന് വായ പൊത്തിപ്പിടിച്ചു. മറ്റേയാൾ കൈയിലെ വളകൾ ഊരിയെടുക്കാൻ ശ്രമം നടത്തി. ഊരാന്‍ കിട്ടാത്തപ്പോൾ പ്ലെയർ പോലെയുള്ള ഉപകരണം കൊണ്ട് മുറിച്ചെടുത്തു. ചന്ദ്രമതിയെ നിലത്ത് തള്ളിവീഴ്ത്തുകയും ചെയ്തു.
എല്ലാവരും മങ്കി ക്യാപ്പ് പോലെയുള്ള മുഖം മൂടി ധരിച്ചിരുന്നു. നിലത്ത് വീണു കിടന്ന ചന്ദ്രമതി കരഞ്ഞ് ബഹളം വച്ചപ്പോഴാണ് അടുത്തുള്ള ബന്ധുക്കൾ വിവരമറിയുന്നത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു.
നാട്ടുകാരും പൊലീസും രാത്രി പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇന്നു രാവിലെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
Three masked gang robs two in Malappuram, steals gold, attacks

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.