വളപട്ടണം മാലിന്യത്തിന് തീ പിടിച്ചു; പിഴ ചുമത്തി ജില്ലാഎൻഫോഴ്‌സ്‌മെന്റ് #Garbage caught fire





വളപട്ടണം: പാലോട് വയലിലെ അഴീക്കോട് കെ.എസ്.ഇ.ബി 11 കെ.വി യു.ജി കേബിൾ ലെയിനിന് കീഴിലുള്ള റെയിൽവേ ഭൂമിയിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സാഹചര്യം സൃഷ്ടിച്ചതിനും, റെയിൽവേ സ്റ്റേഷൻ പരിധിയിൽ മാലിന്യം അശ്രദ്ധമായി തള്ളിയതിനും കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.
 
റെയിൽവേ ഭൂമിയിൽ തള്ളിയ മാലിന്യം തീപിടിച്ച് നശിച്ചതായി സോഷ്യൽ മീഡിയയിൽ വാർത്ത വന്നതിനെ തുടർന്ന് സ്‌ക്വാഡ് സ്ഥലം പരിശോധിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനിക്കും പൊതുവഴിയിലെ മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും സമീപമാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചതോടെ വലിയൊരു ദുരന്തം ഒഴിവായി. സ്റ്റേഷന് സമീപമുള്ള 2 കോൺക്രീറ്റ് ബിന്നുകളിലായി മാലിന്യം കത്തിക്കുന്നതായും സ്‌ക്വാഡ് കണ്ടെത്തി. റെയിൽവേ ഭൂമിയിൽ വിവിധ സ്ഥലങ്ങളിൽ വൻതോതിൽ മാലിന്യം തള്ളുന്നതായും സ്‌ക്വാഡ് കണ്ടെത്തി. സ്ഥലത്ത് നിന്ന് മാലിന്യം ഉടൻ നീക്കം ചെയ്യാൻ റെയിൽവേയോട് നിർദ്ദേശിച്ചതായും വളപട്ടണം പഞ്ചായത്ത് സെക്രട്ടറിയോട് തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് നിർദ്ദേശിച്ചു.

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ഡിബിൽ സി കെ വളപട്ടണം ഗ്രാമപഞ്ചായത്ത് വി. ഇ. ഒ സുനന്ദ എം. വി അക്കൗണ്ടന്റ് സജിത തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0