കുന്നമംഗലം: ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിന് ജാമ്യമില്ല. കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. അന്വേഷണവുമായി ബുജൈർ സഹകരിക്കുന്നില്ല, പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകും എന്നിങ്ങനെയായിരുന്നു പ്രോസിക്യൂഷൻ വാദം. സമ്മർദത്തിന് വഴങ്ങിയാണ് പൊലീസ് കേസ് രജിസ്റ്റർചെയ്തത് എന്നായിരുന്നു പ്രതിഭാഗം വാദം ഉന്നയിച്ചത്.
പതിമംഗലം സ്വദേശിയായ ബുജൈർ ലഹരി ഇടപാട് നടത്താൻ ശനിയാഴ്ച വൈകിട്ട് കോഴിക്കോട് ചൂലാംവയൽ ബസ് സ്റ്റോപ്പിനുമുന്നിൽ എത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. വാഹനമുൾപ്പെടെ പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ ബുജൈർ പൊലീസുകാരെ തള്ളുകയും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചെയ്തു. കുന്നമംഗലം പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ അജീഷിന് പരിക്കേറ്റു. രാത്രി ഒമ്പതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.