തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം സഹോദരൻ്റെതെന്ന് സംശയം #latest_news

 
 കോഴിക്കോട്: തലശ്ശേരി പുഴയിൽ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. മൃതദേഹം തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ സഹോദരൻ പ്രമോദിൻ്റേതെന്നാണ് സംശയം. 

വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. അതേസമയം, മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇനി നേരിൽകണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്.  

പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. സഹോദരിമാരെ പരിചരിക്കാൻ കഴിയാത്തതിനാൽ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. 

മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും വൃദ്ധ സഹോദരിമാരും താമസിച്ചിരുന്നത്. ശാരീരിക പ്രശ്നങ്ങൾ അലട്ടിയിരുന്ന സഹോദരിമാരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പ്രമോദ് നാടുവിടുകയായിരുന്നു. തുണി കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല നടത്തി മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രമോദിനെ കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0