എറണാകുളം: കോതമംഗലത്തെ അൻസിലിന്റെ മരണം കൊലപാതകമാണെന്ന വാദം ശക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആശുപത്രിയിലേക്ക് പോകുംവഴി ബന്ധുവിനോടാണ് അൻസിൽ അവസാനമായി സംസാരിച്ചത്.
ഈ സംസാരത്തിലാണ് അവൾ എന്നെ ചതിച്ചു എന്ന് അൻസിൽ പറഞ്ഞത്. തുടർന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധു പരാതി നൽകിയതും, പൊലീസ് കേസെടുത്തതും. നിലവിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന യുവതിയും തമ്മിൽ ഏറെനാളായി ബന്ധമുണ്ട്. വിവാഹിതനാണ് അൻസിൽ.
ചൊവ്വാഴ്ച രാത്രി അൻസിൽ വീട്ടിലെത്തി ബഹളം വച്ചുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. വിവരം യുവതി അൻസിലിന്റെ ഭാര്യയെ അറിയിച്ചു. എന്നാൽ പിന്നീട് പ്രശ്നങ്ങൾ പറഞ്ഞു തീർത്തെന്നും യുവതി പറയുന്നു.
ബുധനാഴ്ച പുലർച്ചെയാണ് അൻസിൽ അവശനിലയിലാണെന്ന വിവരം ബന്ധുവിനെ അറിയിക്കുന്നത്. തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ ബന്ധു അൻസിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള വഴിയിലാണ് അവൾ എന്നെ ചതിച്ചുവെന്ന് അൻസിൽ പറയുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ഇന്നലെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അൻസിലിന്റെ മരണം. തുടർന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അൻസിലിനെ ഒഴിവാക്കാൻ ആയിരുന്നു യുവതിയുടെ ശ്രമമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ വിഷം ഉള്ളിൽ ചെന്നാണോ മരിച്ചത് എന്ന കാര്യം സ്ഥിരീകരിക്കാനാകൂ. യുവതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്