കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം പ്രചരിച്ച ഒരു പോസ്റ്റ് ആണ് നീതുസ് അക്കാദമി വയനാട് ദുരന്തത്തിൽ നൂറു കണക്കിന് പേരുടെ ജീവൻ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ മുണ്ടക്കൈയിലെ സൂപ്പർ ഹീറോ പ്രജീഷിൻ്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടുമായി ബന്ധപ്പെട്ട വാര്‍ത്ത. ചൂരല്‍മല ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രചരിച്ച വാര്‍ത്ത നൂറു കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന, വിദേശ ഭാഷകളും പ്രഫഷണല്‍ കോഴ്സുകളും പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ നീതുസ് അക്കാദമി നിര്‍മ്മിച്ച 15 ലക്ഷം രൂപ ചിലവ് വരുന്ന വീടും സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന 30 ലക്ഷം ചിലവ് വരുന്ന വീടും തമ്മിലുള്ള അന്തരം കാണിക്കുന്ന പോസ്റ്റ് ആദ്യം ഷെയര്‍ ചെയ്തത് നീതുസ് അക്കാദമി നല്‍കിയ വീടിന്റെ കോണ്ട്രാക്റ്റ് ഏറ്റെടുത്ത വ്യക്തി ആയതിനാലും പലരും പോസ്റ്റ് ഷെയര്‍ ചെയ്യുകയുണ്ടായി. സര്‍ക്കാര്‍ വിമര്‍ശനം എന്ന നിലയില്‍ കൂടുതല്‍ വൈറല്‍ ആയി. അതിനാല്‍ തന്നെ യാഥാര്‍ത്ഥ്യം എന്താണെന്നു അറിയുന്നവരും അറിയാത്തവരും പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയില്‍ ആണ് നീതൂസ് അക്കാദമി തന്നെ പോസ്റ്റിന്റെ നിജസ്ഥിതിയുമായി മുന്നോട്ട് വന്നത്. അതോടൊപ്പം സര്‍ക്കാര്‍ ഓരോ വീടിനു വേണ്ടി ചിലവാക്കുന്ന കണക്കും വീടിന്റെ ചിലവും പുറത്ത് വന്നിട്ടും വ്യാജ പോസ്റ്റ് പറന്നു നടക്കുകയാണ്. വീട് പണിയാൻ ഉപയോഗിക്കുന്ന സാധനങ്ങളും അതിന്റെ ബ്രാൻഡും മറ്റു സ്പെസിഫിക്കേഷനുകൾ എല്ലാം അടക്കം സർക്കാർ കണ്ട എസ്റ്റിമേറ്റ് തുകയായിരുന്നു 30 ലക്ഷം എന്നത്. എന്നാൽ പിന്നീട് 2025 മാർച്ച് 3 ന് നടന്ന നിയമസഭാ യോഗത്തിൽ മന്ത്രി കെ രാജനും മുഖ്യമന്ത്രി വിളിച്ച യോഗത്തിലും വീട് പണിയുന്നതിനുള്ള പണം സംബന്ധിച്ച ചർച്ചയിൽ ചില തീരുമാനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ അറിയിച്ചിട്ടുണ്ട്. സ്പോൺസർ ചെയ്യുന്നവരിൽ നിന്നും ഒരു വീടിന് 20 ലക്ഷം എന്ന രീതിയിൽ കണക്കാക്കാം എന്നും അതിൽ അധികം വരുന്ന തുകയുണ്ടെങ്കിൽ അത് സർക്കാർ വഹിക്കാം എന്നും കൃത്യമായി യോഗത്തിൽ പറഞ്ഞിട്ടുണ്ട്. വീട് ഉണ്ടാക്കുന്നതിനുള്ള തുക 20 ലക്ഷമായി കുറയ്ക്കുമ്പോൾ മേൽപ്പറഞ്ഞ സ്പെസിഫിക്കേഷൻ കളിൽ മാറ്റമൊന്നും വരുത്തിയിട്ടല്ല, ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്തിയിട്ടല്ല അത് ചെയ്യുന്നത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം നീതൂസ് അക്കാദമിയുടെ പേരില്‍ വന്ന വ്യാജ വാര്‍ത്തയെ കുറിച്ച് അവര്‍ക്ക് തന്നെ പോസ്റ്റ് ഇടേണ്ടണ്ടാതായി വന്നു ആ പോസ്റ്റ് ഇങ്ങനെയാണ് :
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ സൗത്ത് ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന സ്ഥാപനമാണ് നീതൂസ് അക്കാദമി.
അക്കാദമിക് മികവിനൊപ്പം തന്നെ, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാകാൻ നീതൂസ് അക്കാദമി എപ്പോഴും ശ്രമിച്ചിട്ടുണ്ട്.
അതിന്റെ ഭാഗമായി, മുണ്ടക്കൈയിലെ നമ്മുടെ സ്വന്തം സൂപ്പർഹീറോ പ്രജീഷിന്റെ അമ്മയ്ക്ക് സ്ഥലം വാങ്ങി വീട് പണിത് കൊടുത്തത് ഞങ്ങളുടെ ഒരു സേവനമനുബന്ധമായ സത്പ്രവർത്തിയായിരുന്നു. അതിനെ വിവാദങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണ്.
ഞങ്ങൾ വീട് പണിയുവാൻ ഏൽപ്പിച്ച കോൺട്രാക്റ്റർ വയനാട്കാരനാണ്. എറണാകുളത്തുള്ള ഞങ്ങൾക്ക് ഇവിടെയുള്ള ഒരു കോൺട്രാക്റ്ററെ കൊണ്ട് പോയി ജോലി ചെയ്യിപ്പിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് തന്നെ മരണപ്പെട്ട പ്രജീഷിൻ്റെ ചേട്ടൻ പ്രവീൺ കണക്റ്റ് ചെയ്ത അഞ്ച് കോൺട്രാക്റ്റർമാറിൽ നിന്നും ഇദ്ദേഹത്തിൻ്റെ കൊട്ടേഷൻ കണ്ടിട്ട് വർക്ക് അദ്ദേഹത്തെ ഏൽപ്പിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയമോ മറ്റ് പശ്ചാത്തലമോ ഞങ്ങൾക്ക് അറിയില്ല.
കോൺട്രാക്റ്ററുടെ പ്രാഥമിക ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിന് വഴിവെച്ചെങ്കിലും, ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ ഞങ്ങളുടെ ടീം അദ്ദേഹത്തോട് ഇതിൻ്റെ യഥാർഥ ചിലവുകൾ സംസാരിച്ചു. അതിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണ പോസ്റ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കോൺട്രാക്റ്റർക്ക് കൊടുത്തതിന് പുറമെ വീടിനുള്ള സ്ഥലം വാങ്ങാനും ഇൻ്റീരിയറിനും വേറെ പൈസ ചെലവായിട്ടുണ്ട്.ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ എത്ര രൂപ കൃത്യമായ ചെലവായി എന്ന് പറയുവാൻ ഞങ്ങളുടെ കമ്പനി പോളിസി അനുവദിക്കുന്നില്ല എന്ന കാര്യം കൂടെ വളരെ വിനീതമായി ഓർമ്മപ്പെടുത്തുകയാണ്. എന്തായാലും 15 ലക്ഷം രൂപക്ക് സ്ഥലം വാങ്ങി വീടും ഇൻ്റീയർ ഉൾപ്പെടെ പണിത് തീർക്കാൻ കഴിയില്ല എന്നത് യാഥാർഥ്യവുമാണ്.
സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായും, പ്രജീഷിനോടുള്ള ആദരസൂചകമായും നടത്തിയ ഈ സത്കാര്യത്തെ ദയവായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഞങ്ങൾ ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു.
വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക ഞങ്ങൾ സംഭാവന ചെയ്തിരുന്നു. ഇനിയും സർക്കാർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഞങ്ങൾ കൂടെയുണ്ടാകും.
പോസ്റ്റ് ലിങ്ക് : https://www.facebook.com/100071813790359/posts/769782602092193/?mibextid=rS40aB7S9Ucbxw6v
ഇലക്ഷന്‍ ഉള്‍പ്പടെ അടുത്ത് വരുന്ന സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ അനിയന്ത്രിതമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ പല രാഷ്ട്രീയ പാര്‍ടികളുടെയും സംസ്ഥാന നേതാക്കള്‍ വരെ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നു എന്ന് അറിയുമ്പോഴാണ് വ്യാജ വാര്‍ത്തകള്‍ക്ക് സമൂഹത്തെ എത്ര മനോഹരമായി കബളിപ്പിക്കാന്‍ കഴിയും എന്ന് മനസ്സിലാകുന്നത്. ആയതിനാല്‍ പ്രിയ വായനക്കാര്‍ വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ കൂടി ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.