കരിപ്പൂർ വിമാനാപകടത്തിന് അഞ്ചാണ്ട് #karipur_plane_accident
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്ന് 21 പേര്‍ മരിച്ച അപകടത്തിന് അഞ്ചാണ്ടുതികയുന്നു. 2020 ഓഗസ്റ്റ് ഏഴിനു രാത്രിയാണ് ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയുടെ കിഴക്കേ അറ്റത്ത് ലാന്‍ഡിങ്ങിനിടെ തെന്നി താഴ്ചയിലേക്കു പതിച്ചത്. മൂന്നായി പിളര്‍ന്ന വിമാനത്തിലെ രണ്ടു പൈലറ്റുമാരും 19 യാത്രക്കാരും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. 169 പേര്‍ക്ക് പരിക്കേറ്റു. നാല് കാബിന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 195 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനം കരിപ്പൂരിലെത്തിയത്.അപകടം അന്വേഷിച്ച എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പൈലറ്റിന്റെ പിഴവിലേക്കാണ് വിരല്‍ചൂണ്ടിയത്. എന്നാല്‍, വിമാനത്താവളത്തിന്റെ പരിമിതികളും ആവശ്യമായ നിര്‍ദേശങ്ങളും പ്രത്യേകം പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റണ്‍വേയുടെ രണ്ടറ്റത്തുമുള്ള സുരക്ഷാപ്രദേശമായ റെസ ദീര്‍ഘിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സംഭവത്തില്‍ പരിക്കേറ്റ മിക്കവരും സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും 65 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്നവരും ഇതിലുണ്ട്. നഷ്ടപരിഹാരത്തിനായി ഇന്ത്യ, ദുബായ്, അമേരിക്ക എന്നിവിടങ്ങളിലാണ് കേസുകള്‍ നടന്നത്. ഇതില്‍ 90 ശതമാനം ക്ലെയിമുകളും എയര്‍ ഇന്ത്യ ഒത്തുതീര്‍ത്തു. 12 ലക്ഷം മുതല്‍ 7.5 കോടി രൂപവരെയാണ് നഷ്ടപരിഹാരമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിതരണംചെയ്തത്. 600 കോടി രൂപയാണ് ഇന്‍ഷുറന്‍സ് ഇനത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനു ലഭിച്ചത്.