മഹാരാഷ്ട്രയില്‍ കനത്ത മഴ ; മുംബൈയിൽ രണ്ട് മരണം #Heavy_Rain
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് മുംബൈ അടക്കമുള്ള നഗരങ്ങള്‍. മുംബൈയില്‍ 84 മണിക്കൂറിനുള്ളില്‍ 500 മില്ലിമീറ്റര്‍ മഴ പെയ്തു. നഗരത്തില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഴക്കെടുതിയില്‍ ഗതാഗതം താറുമാറായി. മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. പ്രളയഭീതിയിലാണ് മഹാനഗരം.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സര്‍വീസുകളെയും ബാധിച്ചു. എട്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. മോണോറെയില്‍ സ്തംഭനത്തില്‍ കുടുങ്ങിയ ഇരുന്നൂറോളം യാത്രക്കാരെ മണിക്കൂറുകള്‍ക്ക് ശേഷമാണ് വലിയ ആശങ്കകള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തിയത്.
മിഠി നദി കരകവിഞ്ഞതിനാല്‍ കുര്‍ള പ്രദേശത്തുള്ള 350-ഓളം പേരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരുന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടന്നു.
മുംബൈയിലേക്കുള്ള ലോക്കല്‍, ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുംബൈ പൊലീസ് നിര്‍ദേശം നല്‍കി. സ്വകാര്യസ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരാന്‍ നിര്‍ദേശമുണ്ട്.