കൊടുവള്ളി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു #bridge
തലശ്ശേരി: തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 60 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനായി 2028 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി നിയോജക മണ്ഡലത്തിലെ കൊടുവള്ളി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിൽ 1800 കോടി രൂപ കിഫ്ബി വഴിയാണ് ചെലവഴിക്കുന്നത്. കേരളത്തിൽ റോഡ് ഗതാഗതത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ റെയിൽവേ മേൽപാലങ്ങൾ ഒഴിച്ചുകൂടാത്തതാണ്. ആ കാഴ്ചപ്പാടോടെയാണ് ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ റെയിൽവേയുടേയും കിഫ്ബിയുടെയും സഹായത്തോടെ 36 കോടി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് കൊടുവള്ളി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കിയത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി.
നിയമസഭ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ വിശിഷ്ടാതിഥിയായി. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറും മന്ത്രി പി എ മുഹമ്മദ് റിയാസും തുറന്ന വാഹനത്തിൽ പാലത്തിലൂടെ സഞ്ചരിച്ചു.
തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ.എം.ജമുനാറാണി ടീച്ചർ, നഗരസഭ കൗൺസിലർ ടി. കെ സാഹിറ, ആർ.ബി.ഡി.സി.കെ. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറൽ മാനേജർ സി. ദേവേശൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി.കെ.രമേശൻ, സജീവ് മാറോളി, സി.പി. ഷൈജൻ, അഡ്വ. കെ.എ. ലത്തീഫ്, കെ. സുരേശൻ, സന്തോഷ് വി. കരിയാട്, ബി. പി. മുസ്തഫ, കെ.മനോജ് വി. കെ. ഗിരിജൻ എന്നിവർ സംസാരിച്ചു.