തലശ്ശേരി: കണ്ണൂർ ജില്ലയിൽ വിവിധ റൂട്ടുകളിൽ നടത്തിവന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചെന്ന് ചർച്ചയിൽ തീരുമാനമായിട്ടും അനിശ്ചിതത്വം തുടരുന്നു. ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂണിയൻ, ബസ് ഉടമകൾ എന്നിവർ തലശ്ശേരി എസിപിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്.
അതേ സമയം തൊട്ടിൽപ്പാലം - തലശേരി, തലശേരി - കണ്ണൂർ റൂട്ടുകളിൽ ചില തൊഴിലാളികൾ ബസ് സമരത്തിൽ ഉറച്ചു നിൽക്കുകയാണ്. വൈകിട്ടോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
11 മണിയോടെ തലശ്ശേരിയിൽ എ സി പി ഓഫീസിലാരംഭിച്ച ചർച്ച രണ്ട് മണിയോടെയാണ്അവസാനിച്ചത്. കണ്ടക്ടർ വിഷ്ണുവിനെ മർദിച്ച മുഖ്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബസ് തൊഴിലാളികൾ സമരരംഗത്തിറങ്ങിയത്. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും ചൊക്ലി ഇൻസ്പെക്ടർ മഹേഷ് വ്യക്തമാക്കി.