ആഭ്യന്തരമന്ത്രി അമിത് ഷായുടെ "ഉറപ്പ്' കാറ്റിൽപ്പറത്തി, ഛത്തീസ്‌ഗഡിൽ കള്ളക്കേസിൽ ജയിലിലടച്ച കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷയെ ബിജെപി സർക്കാർ അതിശക്തമായി എതിർത്തു. ഇതോടെ കന്യാസ്ത്രീമാരുടെ മോചനം അനിശ്‌ചിതത്വത്തിലായി. അപേക്ഷയിൽ എൻഐഎ കോടതി ഇന്ന് വിധി പറയും.
ജാമ്യാപേക്ഷ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്‌ഷാ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് കഴിഞ്ഞദിവസമാണ് ഉറപ്പുനൽകിയത്. എന്നാൽ ബിലാസ്‌പുരിലെ എൻഐഎ കോടതിയിൽ പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.
കന്യാസ്‌ത്രീകൾക്ക് ജാമ്യം അനുവദിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.അവർ സാക്ഷികളെ സ്വാധീനിക്കും. നിർബന്ധിത മതപരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന കന്യാസ്‌ത്രീകൾ ആദിവാസി യുവതികളെ കടത്തികൊണ്ടുപോകാൻ ശ്രമിച്ചു. കേസിൽ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ജാമ്യം അനുവദിച്ചാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ബിജെപി സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയിൽവാദിച്ചു.
അതേസമയം, പ്രോസിക്യൂഷൻ കന്യാസ്‌ത്രീകളുടെ കസ്‌റ്റഡി ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഇതിന് പ്രോസിക്യൂഷൻ അഭിഭാഷകർക്ക് കൃത്യമായ മറുപടി നൽകാനായില്ല.