കണ്ണൂർ: വിവാഹ വീടുകളെയും ഓണ പർച്ചേസുകാരെയും ആശങ്കയിലാക്കി സംസ്ഥാനത്ത് സ്വർണ വില കുതിച്ചു കയറുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 70 രൂപയും. ഇതോടെ പവൻ വില 75,760 രൂപയും ഗ്രാം വില 9,470 രൂപയുമായി. ഇന്നലെ കുറിച്ച പവന് 75,200 രൂപയെന്ന റെക്കോഡാണ് ഒറ്റ രാത്രികൊണ്ട് മറികടന്നത്.
വലിയ വിൽപ്പന സീസൺ അടുത്തിരിക്കെയുള്ള വില വർധന സംസ്ഥാനത്തെ വ്യാപാരികളെയും ആശങ്കയിലാക്കുന്നുണ്ട്. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,500 രൂപ നൽകേണ്ടി വരും.
ഓഗസ്റ്റ് ഒന്നിന് പവന് 73,200 രൂപയായിരുന്ന സ്വർണ വിലയാണ് ഇന്ന് 75,760 രൂപയിലെത്തിയിരിക്കുന്നത്. വെറും ഏഴ് ദിവസത്തിനുള്ളിൽ 2,560 രൂപയുടെ വർധന.
വെള്ളി വിലയും ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഗ്രാമിന് രണ്ട് രൂപ ഉയർന്ന് 125 രൂപയിലെത്തി. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 60 രൂപ വർധിച്ച് 7,775 രൂപയുമായി.