തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ബെർത്ത് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 11ന് ആണ് സാൻ ഫെർണാണ്ടോ എന്ന കപ്പൽ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് അടുത്തത്. 2024 ഡിസംബറിൽ കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ചു. ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന കുതിപ്പാണ് ഈ കാലയളവിൽ വിഴിഞ്ഞം നടത്തിയതെന്ന് മന്ത്രി വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം എസ് സി ഐറിന ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടെ 392 കപ്പലുകൾ വിഴിഞ്ഞത്ത് എത്തിയതായും മന്ത്രി പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ആദ്യ മാസങ്ങളിൽ തന്നെ പൂർണ ശേഷിയിൽ പ്രവർത്തനം നടത്തിയ ലോകത്തെ അപൂർവം പോർട്ടുകളിലൊന്നായി വിഴിഞ്ഞം മാറിയതായും അദ്ദേഹം കുറിച്ചു. വിഴിഞ്ഞം പ്രദേശത്തെ വനിതകളെ പരിശീലിപ്പിച്ചു ഇന്ത്യയിലെ ആദ്യ വനിതാ ഓട്ടമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരാക്കിയത് രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടിയ കാര്യവും മന്ത്രി പങ്കുവച്ചു. ഒന്നാം വർഷം അഭിമാനത്തോടെ ആഘോഷിക്കുന്നതിനൊപ്പം ഏതാണ്ട് 10000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങളും ഉടൻ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.