തിരുവനന്തപുരം: വെള്ളനാട് ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ സത്യനേശനെതിരെ വീണ്ടും ഗുരുതര ആരോപണം. സത്യനേശന്‍ ഗ്രാമപഞ്ചായത്ത് അംഗം ആയ സമയത്ത് നിര്‍മിച്ചു നല്‍കിയ അങ്കണവാടി കെട്ടിടം അത്യന്തം ശോചനാവസ്തയിലാണ് നിലകൊള്ളുന്നത്. കെട്ടിടത്തിന്‍റെ ഭിത്തികളിലും തറയിലും വിള്ളല്‍ രൂപപെട്ടിരിക്കുകയാണ്.
17 ലക്ഷം ചിലവഴിച്ച് നിർമിച്ച, വെള്ളനാട് ചക്കിപ്പറയിൽ സ്ഥിതി ചെയ്യുന്ന ഈ അങ്കണവാടി ഒരു കൊല്ലം പോലും പ്രവർത്തിച്ചിരുന്നില്ല. കെട്ടിടം സുരക്ഷിതമല്ലെന്നും കുട്ടികളെ മാറ്റണമെന്നും പഞ്ചായത്തിലെ എൻജിനീയർമാർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു വാടകക്കെട്ടിടം കണ്ടെത്തി കുട്ടികളെ അതിലേക്ക് മാറ്റിയിരിക്കുകയാണ്.
ഗുരുതരമായ അഴിമതി ആരോപണമാണ് കോണ്‍ഗ്രസ് നേതാവിനെതിരെ നാട്ടുകാര്‍ ഉന്നയിക്കുന്നത്.
നേരത്തെ വെള്ളനാട് പഞ്ചായത്തിൽ തന്നെയുളള ഒരു ദളിത് സ്ത്രീയെ വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞ് സത്യനേശൻ പറ്റിച്ചിരുന്നു. പിഎംഎവൈ പദ്ധതി പ്രകാരം കിട്ടിയ നാലുലക്ഷം രൂപയിലധികം കോണ്‍ഗ്രസ് പ്രാദേശിക നേതാവും മുന്‍ പഞ്ചായത്തംഗവുമായ സത്യനേശന്‍ തട്ടിയെടുത്തുവെന്നാണ് പ്രശാന്തി എന്ന വീട്ടമ്മയുടെ പരാതി. വീടിന്റെ പണി ചെയ്തുതരാമെന്ന് പറഞ്ഞ് പലപ്പോഴായി സത്യനേശൻ 4,59,000 രൂപ വാങ്ങിയെന്നും വീട് താമസയോഗ്യമല്ലാതാക്കി മാറ്റിയെന്നും പ്രശാന്തി പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ സത്യനേശൻ നിഷേധിക്കുകയായിരുന്നു.