കാസർഗോഡ്: യുഡിഎഫ് ഭരിക്കുന്ന കാസർഗോഡ് കുമ്പള ഗ്രാമ പഞ്ചായത്തിൽ അഴിമതിക്ക് കൂട്ട് നിൽക്കാത്തതിനാൽ പഞ്ചായത്ത് സെക്രട്ടറിയെ കള്ളകേസിൽ കുടുക്കാൻ ശ്രമം. പഞ്ചായത്ത് സെക്രട്ടറി സുമേഷ് കരഞ്ഞു കൊണ്ട് ഉദ്യോഗസ്ഥർക്കും പോലീസിനും മുന്നിൽ ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം പുറത്ത്. ഓഫീസിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകി.
കുമ്പളയിൽ 40 ലക്ഷം രൂപ മുടക്കി നാല് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി ആരോപണമുയർന്നിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ടെണ്ടർ നടപടികളുടെയോ നിർമാണ അനുമതി നൽകിയതിന്റെയോ രേഖകൾ ഫയലിൽ കാണാനില്ല. ഇങ്ങനെ നടപടിക്രമങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്ന് കണ്ടെത്തിയ ബസ് കാത്തിരിപ്പ് കേന്ദ്രവുമായി ബന്ധപ്പെട്ട ഫയൽ പെട്ടന്ന് ഒപ്പിട്ട് നൽകി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കരാറുകാനായ റഫീഖും പഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറയുടെ ഭർത്താവ് യൂസഫും ജൂലൈ 23 ന് നേരിട്ട് വന്ന് ഭീഷണിപ്പെടുത്തിയതായി നേരത്തെ പഞ്ചായത്ത് സെക്രട്ടറി കുമ്പള പോലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ കരാറുകാരൻ റഫീഖുൾപ്പെടെ രണ്ടുപേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തിരുന്നു. മൂന്ന് കോടി രൂപ ചിലവിൽ നിർമിക്കുന്ന ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൻ്റെയും, 70 ലക്ഷത്തോളം രൂപ ചിലവുള്ള തെരുവ് വിളക്കിൻ്റെയും ഇൻ്റർകോം പദ്ധതിയുടെയുമെല്ലാം നിർമാണ കരാർ ടെണ്ടർ നടപടികൾ പാലിക്കാതെ സ്വകാര്യ കരാർ കമ്പനിക്ക് നൽകാൻ സമ്മർദ്ധം ചെലുത്തുന്നുവെന്നും പഞ്ചായത്ത് സെക്രട്ടറി പറയുന്നു.
യുഡിഎഫ് ഭരിക്കുന്ന കുമ്പള പഞ്ചായത്തിൽ അഴിമതിക്ക് കൂട്ട് നിന്നില്ല: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കള്ളക്കേസ് #latest_news
By
Open Source Publishing Network
on
ജൂലൈ 15, 2025