പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജ്. രഞ്ജിതയുടെ മക്കളെയും അമ്മയേയും മന്ത്രി ആശ്വസിപ്പിച്ചു. ജീവിതത്തിന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോവുകയായിരുന്ന രഞ്ജിതയുടെ വിയോഗം ഒരു നാടിന്റെ മുഴുവൻ ദുഖമാണ്. കുടുംബത്തിനുണ്ടായിട്ടുള്ള നഷ്ടത്തിലും കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഖത്തിലും പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
സർക്കാരും എയർ ഇന്ത്യയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച തന്നെ ആശയവിനിമയം നടത്തിയിരുന്നു. അഹമ്മദാബാദിൽ നിയമിച്ചിട്ടുള്ള സ്പെഷ്യൽ ഓഫീസറുമായ് പത്തനംതിട്ട ജില്ലാ കളക്ടർ സംസാരിച്ചിരുന്നു. ഇന്ന് തന്നെ രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക് തിരിക്കും. ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നുണ്ടെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തും.
പ്രവാസ ജീവിതത്തിന്റെ അവസാനമാസങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയാണ് രഞ്ജിതയുടെ വിയോഗം. ജീവിത പ്രതിസന്ധികൾക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്. കുവൈത്തിലും മറ്റുമായി വർഷങ്ങൾ ജോലിചെയ്തു. പിഎസ്‌സി വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് ലണ്ടനിൽനിന്ന് അഞ്ചുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബവീടിന് സമീപത്ത് വീടുപണി ഏറെക്കുറെ പൂർത്തിയായി. ആഗസ്തിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താനിരിക്കെയാണ് മരണം.
ചെങ്ങന്നൂരിൽനിന്ന് ചെന്നൈയിൽ ട്രെയിൻ മാർഗം എത്തിയ രഞ്‌ജിത ഇവിടെനിന്ന് കണക്ടഡ് വിമാനത്തിൽ അഹമ്മദാബാദിലെത്തി. വിമാനത്തിൽ കയറുംമുമ്പ് അമ്മ തുളസിയുമായി സംസാരിച്ചിരുന്നു. അഹമ്മദാബാദിൽ നിന്നായിരുന്നു ലണ്ടനിലേക്കുള്ള വിമാനം. ഈ യാത്രയിലാണ് രഞ്ജിതയുടെ മരണം.