ആലപ്പുഴ: തിരുവനന്തപുരത്തുനിന്ന് കാണാതായ കീബോർഡ് ആർട്ടിസ്‌റ്റ് രഞ്‌ജു ജോണിനെ (37) മുംബൈയിൽ കണ്ടെത്തി. ആലപ്പുഴ പൊലീസിന്റെ പ്രത്യേക അന്വേഷക സംഘമാണ് വ്യാഴം വൈകിട്ട് രഞ്‌ജുവിനെ മുംബൈയിൽ കണ്ടെത്തിയത്. ഇയാളുമായി പൊലീസ് സംഘം വെള്ളിയാഴ്‌ച കേരളത്തിലേക്ക് തിരിക്കും.
കഴിഞ്ഞ നാലിനാണ് തിരുവനന്തപുരത്തു നിന്ന് രഞ്‌ജുവിനെ കാണാതാകുന്നത്. ആറ് മാസമായി തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബം താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിയിരുന്നില്ല. ആലപ്പുഴയിലെ പരിപാടിക്കുശേഷം സുഹൃത്തിനൊപ്പമെത്തി കെഎസ്‌ആർടിസി സ്‌റ്റാൻഡിൽനിന്ന് വീട്ടിലേക്ക് തിരിച്ചതാണ്. തിരുവനന്തപുരത്ത് എത്തിയശേഷം ഭാര്യയും സുഹൃത്തുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ എത്തിയില്ല. ഫോണും ഓഫാക്കിയിരുന്നു.
ഏഴിന് നെയ്യാറ്റിൻകര പൊലീസിൽ കുടുംബം പരാതി നൽകി. ഇയാളെ അവസാനമായി കണ്ടത് ആലപ്പുഴയിലായതിനാൽ കേസ് സൗത്ത് പൊലീസിന് കൈമാറുകയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രഞ്‌ജു ചെന്നൈയിലേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നെയിലെ സുഹൃത്തുക്കളുടെയും എത്താൻ സാധ്യതയുള്ള സ്ഥലങ്ങളുടെയും ഫോണിൽ ബന്ധപ്പെട്ടവരുടെയും വിവരങ്ങൾ ശേഖരിച്ച് ചൊവ്വാഴ്‌ച പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രഞ്‌ജുവിനെ കണ്ടെത്തിയത്.