പാനൂർ
കൃത്രിമ സാഹചര്യത്തിൽ വിരിയിച്ചെടുത്ത പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാടിന്റെ മടിയിൽ വളരും. കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന മാർക്കിന്റെ പ്രവർത്തകൻ ബിജിലേഷ് കോടിയേരിയാണ് ഇരുപത് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്. മെയ് മാസത്തിൽ കരിയാടെ ഒരു വീട്ടുപറമ്പിൽവച്ച് ബിജിലേഷിന്റെ നേതൃത്വത്തിൽ ഒരു പെരുമ്പാമ്പിനെ പിടിച്ച് കാട്ടിലേക്ക് വിട്ടിരുന്നു. പരിശോധനയിൽ ഇതേപറമ്പിൽനിന്ന് 20 മുട്ടകൾ കണ്ടെത്തി. ഈ മുട്ടകൾ കോടിയേരിയിലെ വീട്ടിൽ വിരിയിച്ചെടുത്തു. പാമ്പിൻ കുഞ്ഞുങ്ങളെ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റെയും സെക്ഷൻ ഫോറസ്റ്റർ ജിജിലിന്റെയും നിർദ്ദേശ പ്രകാരം ഉൾക്കാട്ടിൽ വിട്ടയച്ചു.