ഗൂഡല്ലൂര്‍: ഊട്ടിയിലേക്കുള്ള ദേശീയപാതയില്‍ രാത്രിയില്‍ ഒറ്റവരി വാഹനങ്ങള്‍ കടത്തിവിടും. പോലീസ് നിരീക്ഷണത്തിനും പരിശോധനകള്‍ക്കും ശേഷം മാത്രം രാത്രിയില്‍ ഒറ്റവരിവാഹനങ്ങള്‍ ഒന്നിടവിട്ട് കടത്തിവിടാനാണ് അധികൃതര്‍ നടപടി സ്വീകരിക്കുന്നത്. പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി എന്‍.എസ്. നിഷ പറഞ്ഞു.
ബസ്സ്റ്റാന്‍ഡ് പരിസരത്ത് രാത്രിയില്‍ ഊട്ടിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനും 'സില്‍വര്‍ ക്ലൗഡ്' പരിസരത്ത് ഗൂഡലൂരില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ദേശീയപാതയിലൂടെ അവശ്യയാത്ര മാത്രമേ അനുവദിക്കൂവെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. പാറക്കെട്ടുകള്‍ വീഴുമെന്ന ആശങ്കയുള്ള പ്രദേശത്ത് മുന്‍കരുതല്‍ സ്വീകരിക്കാനാണ് ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് കളക്ടര്‍ ലക്ഷ്മി ഭവ്യ തണീരു പറഞ്ഞു.കനത്തമഴ പെയ്യുന്ന സാഹചര്യത്തില്‍ പാറക്കെട്ടുകള്‍ നീക്കംചെയ്യുന്നത് ദുഷ്‌കരമാണെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ദേശീയപാതാ ഉദ്യോഗസ്ഥരും ദുരന്തനിവാരണസേനയും പ്രദേശം സന്ദര്‍ശിച്ചു.