ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ച വീരമലക്കുന്നിൽ വീണ്ടും മണ്ണിടിഞ്ഞു. വ്യാഴാഴ്ച കുന്നിന് മുകളിലായി നിൽക്കുന്ന ശ്‌മശാനത്തിന് സമീപത്തുനിന്നാണ് മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്. ഇതോടെ ഈ ഭാഗത്തുള്ള സുരക്ഷാഭിത്തിവരെ മണ്ണ് നിറഞ്ഞു. വീണ്ടും മണ്ണിടിഞ്ഞാൽ സുരക്ഷാഭിത്തിയും മറികടന്ന് മണ്ണ് റോഡിലേക്ക് പതിക്കും.
മഴ വീണ്ടും ആരംഭിച്ചതോടെ കുന്നിടിയാൻ തുടങ്ങുന്നത് പ്രദേശവാസികളെയും ഇതുവഴി പോകുന്ന വാഹനങ്ങളെയും ആശങ്കയിലാക്കി. അപകടസാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശ പ്രകാരം നിർമാണ കമ്പനി ഈ പ്രദേശത്ത് വെളിച്ചവും നിരീക്ഷണത്തിന് കമ്പനി ജീവനക്കാരെയും നിയമിച്ചിരുന്നു.
എന്നാൽ അപകടം നടന്നാൽ പ്രദേശവാസികൾ എങ്ങനെ അറിയും എന്ന ചോദ്യം ഉയരുന്നുണ്ട്. അപകടം നടന്നാൽ അറിയിക്കാനുള്ള സൈറൺ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മഴ വീണ്ടും കനക്കുന്നതോടെ കുന്നിടിയാനുള്ള സാധ്യതയും ഏറെയാണ്. ഇതിനിടയിൽ ദേശീയപാത നിർമാണത്തിലെ അപാകം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനായി ദേശീയപാത അതോറിറ്റി നിയോഗിച്ച ഉന്നതതല സംഘം വീരമലക്കുന്ന് സന്ദർശിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ തിരിച്ചു പോവുകയായിരുന്നു.