മലപ്പുറം: കോട്ടക്കലിനടുത്ത് പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾ സംശയനിഴലിൽ. കുട്ടിക്ക് മതിയായ ചികിത്സ നല്കിയില്ലെന്നാണ് ആരോപണം. കോട്ടക്കലിലെ വാടക വീട്ടിൽ വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടത്. ശനിയാഴ്ച രാവിലെ പാങ്ങിലെ വീട്ടിലെത്തിച്ച് മൃതദേഹം ഖബറടക്കുകയായിരുന്നു.
അസുഖബാധിതനായ കുട്ടിക്ക് അക്യുപങ്ചർ പ്രചാരകരായ രക്ഷിതാക്കൾ ചികിത്സ നിഷേധിച്ചെന്ന പരാതിയെത്തുടർന്ന് കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ് മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണമാരംഭിച്ചു. ആരോഗ്യപ്രവർത്തകര്‍ കുട്ടിയുടെ ബന്ധുക്കളെ കണ്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അശാസ്ത്രീയ ചികിത്സ രീതി പിന്തുടരുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദമ്പതികളാണ് കുട്ടിയുടെ രക്ഷിതാക്കൾ. ആരോഗ്യപ്രവർത്തകർ അറിയിക്കാതെ വീട്ടിൽ പ്രസവിക്കുകയും, അതിനെ പ്രോത്സാഹിപ്പിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടിക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുകയോ അസുഖം വന്നാൽ നല്ല ചികിത്സ നൽകുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. എന്നാൽ, പാല് കുടുച്ചുകൊണ്ടിരിക്കെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
ഒരു വയസ്സുകാരന്റെ മരണം; രക്ഷിതാക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണം #child_death
By
Open Source Publishing Network
on
ജൂൺ 28, 2025