ഡൽഹി: അനന്ത്‌നാഗിലെ വനമേഖലയിൽ ഒളിപ്പിച്ച നിലയിൽ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. സൈന്യം നടത്തിയ പരിശോധനയിൽ വനത്തിനുള്ളിൽ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. പാകം ചെയ്യാത്ത ഭക്ഷണസാധനങ്ങൾ കണ്ടെത്തിയെന്ന വസ്തുത സംശയം ബലപ്പെടുത്തുന്നു. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം, നിയന്ത്രണ രേഖയിൽ പലയിടങ്ങളിലും പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. എട്ട് സ്ഥലങ്ങളിൽ പാകിസ്ഥാൻ വെടിയുതിർത്തു. സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈന്യം അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലെ ഏറ്റവും വലിയ പ്രകോപനമാണിതെന്ന് സർക്കാർ വൃത്തങ്ങളും പ്രതികരിച്ചു.
പാകിസ്ഥാനെതിരെ ഇന്ത്യ പിടിമുറുക്കുന്നു
പഹൽഗാം ഭീകരാക്രമണത്തിന് പതിമൂന്ന് ദിവസങ്ങൾക്ക് ശേഷം, പാകിസ്ഥാനെതിരെ ഇന്ത്യ പിടിമുറുക്കുന്നു. ചെനാബ് നദിയിലെ ബാഗ്ലിഹാർ അണക്കെട്ടിന്റെ ഷട്ടറുകൾ താഴ്ത്തി ജലപ്രവാഹം നിയന്ത്രിക്കാൻ തുടങ്ങി. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാനമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, പാകിസ്ഥാൻ അതിർത്തി സുരക്ഷാ സേനയിലെ ഒരു ജവാനെ ബിഎസ്എഫ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്, പക്ഷേ ബിഎസ്എഫ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ കരസേന, നാവികസേന, വ്യോമസേന എന്നിവ ഒരുങ്ങുകയാണ്. യുപിയിലെ ഗംഗാ എക്സ്പ്രസ് വേയിൽ യുദ്ധസാഹചര്യത്തിൽ റൺവേയ്ക്ക് പകരം എക്സ്പ്രസ് വേ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരീക്ഷണം വ്യോമസേന പൂർത്തിയാക്കി. ഗംഗാ എക്സ്പ്രസ് വേയിൽ രാത്രിയിൽ വ്യോമസേന യുദ്ധവിമാനങ്ങളുടെ ലാൻഡിംഗും നടത്തി. റാഫേൽ, സുഖോയ്-30, മിഗ്-29, ജാഗ്വാർ, എഎൻ-32 ട്രാൻസ്പോർട്ട് വിമാനങ്ങൾ, സി-130ജെ സൂപ്പർ ഹെർക്കുലീസ് എന്നിവ ഈ അഭ്യാസത്തിൽ പങ്കെടുത്തു. അതിർത്തി പ്രദേശങ്ങൾക്ക് സമീപമുള്ള വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ നിരീക്ഷണവും തുടരുകയാണ്. വനമേഖലകളിൽ കർശന പരിശോധനകൾ തുടരുന്നതിനൊപ്പം, നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ സൈന്യം അതീവ ജാഗ്രതയിലാണ്.