വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാർ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണവും തുടർന്നുണ്ടായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷവും കണക്കിലെടുത്താണ് ഈ തീരുമാനം. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടുണ്ടെങ്കിലും, വിദേശകാര്യ മന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെയും 25 ബിജെപി നേതാക്കളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള തിരക്കേറിയ ചർച്ചകളും നടക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാർ, ബിജെപി എംപിമാർ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടന്ന യോഗത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്തു.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പാകിസ്ഥാനെതിരെ പരസ്യമായി ശക്തമായി പ്രതികരിച്ച നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ചേക്കാം. വിഐപികളുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിവയ്പ്പും മെഡിക്കൽ എമർജൻസി പരിശീലനവും നൽകും. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുള്ളവരുടെ ഭീഷണി വിലയിരുത്തലുകൾ നടത്താനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.