ശ്രീനഗർ: ജമ്മുവിൽ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാൻ മരിച്ചു. ബിഎസ്എഫ് കോൺസ്റ്റബിൾ ദീപക് ചിങ്ഖാം മരിച്ചു. മണിപ്പൂർ സ്വദേശിയാണ്. ശനിയാഴ്ച ആർഎസ് പുര സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയിൽ നടന്ന ഷെല്ലാക്രമണത്തിൽ പരിക്കേറ്റു. ഏകദേശം എട്ട് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റു.
രാജ്യസേവനത്തിനിടെ ബിഎസ്എഫ് കോൺസ്റ്റബിൾ ചിങ്ഖാമിന്റെ പരമമായ ത്യാഗത്തിന് അഭിവാദ്യം അർപ്പിക്കുന്നതായി ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. മെയ് 10 ന് ആർഎസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ അദ്ദേഹത്തിന് പരിക്കേറ്റതായും അടുത്ത ദിവസം (ഞായറാഴ്ച) രക്തസാക്ഷിത്വം വരിച്ചതായും ബിഎസ്എഫ് അറിയിച്ചു.
ബിഎസ്എഫ് ഡയറക്ടർ ജനറലും മറ്റുള്ളവരും ചിങ്ഖാമിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. ജവാന് പൂർണ്ണ ആദരാഞ്ജലികളോടെ തിങ്കളാഴ്ച ജമ്മു അതിർത്തി ആസ്ഥാനത്ത് പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങ് നടക്കും.