ഓപ്പറേഷൻ സിന്ദൂർ: ഐസി-814 ഹൈജാക്കർമാരും പുൽവാമ ആക്രമണകാരികളും ഉൾപ്പെടെ 100 ഭീകരരെ വധിച്ചു:

 


പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകളിൽ നടത്തിയ ആക്രമണങ്ങളിൽ നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. വെടിനിർത്തൽ കരാറിനുശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, എയർ മാർഷൽ എ.കെ. ഭാരതി, വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കെതിരായ ശക്തമായ പ്രതികരണമാണെന്ന് ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പറഞ്ഞു. ഭീകരതയുടെ സൂത്രധാരന്മാരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സിന്ദൂർ വിഭാവനം ചെയ്തതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ നേരിടുന്ന ആക്രമണങ്ങളും രാജ്യം സ്വീകരിച്ച പ്രതികാര നടപടികളും കാണിക്കുന്ന വീഡിയോയോടെയാണ് പത്രസമ്മേളനം ആരംഭിച്ചത്.

തീവ്രവാദികളെ മാത്രമാണ് ലക്ഷ്യമിട്ടത്. നിരവധി ഭീകരർക്കുള്ള പരിശീലന കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ് നശിപ്പിച്ചു. അജ്മൽ കസബിനും മറ്റുള്ളവർക്കുമുള്ള പരിശീലന ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടു. ഒമ്പത് ഭീകര ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടു. ഏകദേശം 100 ഭീകരർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഉന്നത തീവ്രവാദികളും ഉൾപ്പെടുന്നു. ഇതിൽ വ്യോമസേന പ്രത്യേക പങ്ക് വഹിച്ചു. നാവികസേനയും ഒരു പങ്കുവഹിച്ചു - അദ്ദേഹം വ്യക്തമാക്കി. ഐസി-814 വിമാനം റാഞ്ചിയവരും പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുമാണെന്ന് രാജീവ് രാജീവ് ഘായ് വ്യക്തമാക്കി.

യൂസഫ് അസ്ഹർ, അബ്ദുൾ മാലിക് റൗഫ്, മുദാസിർ അഹമ്മദ് തുടങ്ങിയ മുൻനിര ഭീകരർ ഉൾപ്പെടെ 100-ലധികം ഭീകരർ ഒമ്പത് ഭീകര ക്യാമ്പുകളിൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞു. ലക്ഷ്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹാവൽപൂർ, മുറിഡ്ജ് ഉൾപ്പെടെയുള്ള ഭീകര ക്യാമ്പുകൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രദർശിപ്പിച്ചു. ഈ രണ്ട് ക്യാമ്പുകളും നശിപ്പിക്കുക എന്നതായിരുന്നു വ്യോമസേനയുടെ ലക്ഷ്യം. ഭീകര ക്യാമ്പുകൾ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. പാകിസ്ഥാൻ സൈന്യത്തിന്റെയോ ആളുകളുടെയോ കെട്ടിടങ്ങളോ നശിപ്പിക്കപ്പെട്ടിട്ടില്ല - അദ്ദേഹം വ്യക്തമാക്കി. ഭീകരരെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്നും പാകിസ്ഥാൻ സാധാരണക്കാരെയും സൈനിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുവെന്നും സൈന്യം വ്യക്തമാക്കി. തീവ്രവാദികൾക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് അവർ പറഞ്ഞു.

ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാൻ വ്യോമതാവളങ്ങൾ ഒമ്പത് നശിപ്പിച്ചതായും സൈന്യം വ്യക്തമാക്കി. പർസൂർ എയർ ഡിഫൻസ് റഡാർ, ചുനിയൻ എയർ ഡിഫൻസ് റഡാർ, അരിഫ്‌വാല എയർ ഡിഫൻസ് റഡാർ, സർഗോധ എയർ ഫീൽഡ്, റഹിം യാർ ഖാൻ എയർ ഫീൽഡ്, ചക് ലാല എയർ ഫീൽഡ്, സഖ്ർ എയർ ഫീൽഡ്, ഭോളാരി എയർ ഫീൽഡ്, ജേക്കബാബാദ് എയർ ഫീൽഡ് എന്നിവ നശിപ്പിക്കപ്പെട്ടുവെന്നും പ്രസ്താവിച്ചു.

പഹൽഗാം ആക്രമണത്തിന് ശേഷം തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി നാവികസേന അറിയിച്ചു. കറാച്ചിയും ലക്ഷ്യമിട്ടിരുന്നു. പാകിസ്ഥാൻ യൂണിറ്റുകളുടെ സ്ഥലവും നീക്കവും നിരീക്ഷിച്ചുവരികയാണ്. പാകിസ്ഥാൻ ഡിജിഎംഒ തന്നെ വിളിച്ചിരുന്നു. ഇന്ന് പ്രകോപനം തുടർന്നാൽ, തിരിച്ചടിക്കാൻ സൈനിക കമാൻഡർമാർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. നാളെ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് സൈന്യം അറിയിച്ചു. കൂടുതൽ പ്രകോപനം ഉണ്ടായാൽ, തിരിച്ചടി കടുത്തതായിരിക്കുമെന്നും പാകിസ്ഥാനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0