അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് ജില്ലയിലെ ദേശീയപാത 13 ൽ, കനത്ത മഴയെ തുടർന്ന് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ കാർ യാത്രികരായ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ദേശീയപാതയിലെ ബന-സെപ്പ സ്ട്രെച്ചിന് സമീപത്തുകൂടി സഞ്ചരിക്കവേ, കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിടിഞ്ഞു വീണ ആഘാതത്തിൽ കാർ റോഡിൽ നിന്നും മാറി എതിരെയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.
അരുണാചൽ പ്രദേശ് ആഭ്യന്തര മന്ത്രിയും പ്രാദേശിക എംഎൽഎയുമായ മാമ നടുങ്, കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അരുണാചൽ പ്രദേശിലെ ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പാതകളിൽ ഒന്നാണ് ബന-സെപ്പ പാത. പ്രത്യേകിച്ച് മഴക്കാലത്ത് നിരന്തരം മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലമാണിത്.
അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിക്കയിടത്തും വ്യാഴാഴ്ച മുതൽ കനത്ത മഴയാണ് പെയ്യുന്നത്. മഴയും മണ്ണിടിച്ചിലും കാരണം അരുണാചൽ പ്രദേശിലുടനീളമുള്ള പല ജില്ലകളിലുമുള്ള റോഡുകൾ തകർന്നത് ഗതാഗതം താറുമാറാക്കിയിട്ടുണ്ട്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.