അപകീർത്തികരമായ വാർത്ത നൽകിയെന്ന പരാതിയിൽ ഇന്നലെ രാത്രി അറസ്റ്റിലായ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് ജാമ്യം ലഭിച്ചു. മാഹിയിലെ ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കർശന ഉപാധികളോടെയാണ് ഷാജന് ജാമ്യം ലഭിച്ചത്.
മറുനാടൻ മലയാളി ചാനലിലൂടെ നൽകിയ വാർത്ത തന്റെ വ്യക്തിജീവിതത്തെ ബാധിച്ചുവെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. തിരുവനന്തപുരം സൈബർ പോലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് ഷാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎൻഎസിലെ മൂന്ന് വകുപ്പുകൾ, ഐടി ആക്ടിലെ ഒരു വകുപ്പ്, കെപി ആക്ടിലെ ഒരു വകുപ്പ് എന്നിവ പ്രകാരം ഷാജനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സൈബർ പോലീസ് ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം വഞ്ചിയൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. രണ്ട് ആൾ ജാമ്യവും കർശന വ്യവസ്ഥകളുമായാണ് ജാമ്യം അനുവദിച്ചത്. അതേസമയം, അറസ്റ്റ് ജനാധിപത്യവിരുദ്ധവും രാഷ്ട്രീയ പകപോക്കലുമാണെന്ന് ഷാജൻ സ്കറിയ പ്രതികരിച്ചു.