തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം. മുതലപ്പൊഴിയിൽ ഡ്രജർ എത്തിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും മണൽ നീക്കാൻ സാധിക്കാത്തതിനെത്തുടർന്നായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരിൽ ഒരാൾ ഹാർബർ എഞ്ചിനീയറുടെ ഓഫീസ് ജനാല തകർത്തു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വിട്ടുകിട്ടണമെന്നും പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു.
പെരുമാതുറ താഴമ്പള്ളി സ്വദേശി ഷാജിയാണ് ഓഫീസിലെ ജനാല തകർത്തത്. അഴിമുഖത്തെ മണൽ നീക്കാത്തതിനെത്തുടർന്ന് തീരദേശ റോഡ് ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അഞ്ച് മണിക്കൂർ പിന്നിട്ടു.
കഴിഞ്ഞ കുറച്ചു നാളുകളായി മുതലപ്പൊഴിയിൽ മണൽ കയറി പൊഴി അടഞ്ഞു കിടക്കുകയായിരുന്നു. ഇതിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് ഡ്രജർ എത്തിച്ചു. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നാണ് ആരോപണം. ഒരുവട്ടം പ്രവർത്തിച്ചപ്പോൾ വെള്ളം മാത്രമാണ് വന്നത്. മണൽ പുറത്തേക്ക് കൊണ്ടുവരാൻ ഡ്രജറിന് സാധിച്ചിരുന്നില്ല. തുടർന്ന് വലിയ പ്രതിഷേധം ഉണ്ടായി.
ഡ്രഡ്ജിങ് പൂർണമായും നിലച്ചതോടെ വീണ്ടും പൊഴി പൂർണമായും അടഞ്ഞ നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കെത്തിയപ്പോൾ ഹാർബർ എഞ്ചിനീയർ ഓഫീസിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് രാവിലെ മുതൽ ബീച്ച് റോഡ് പൂർണമായും ഉപരോധിച്ചുകൊണ്ടുള്ള സമരം ആരംഭിച്ചത്. ഇതിനിടെയാണ് പ്രതിഷേധക്കാരിൽ ഒരാൾ ഹാർബർ എഞ്ചിനീയറുടെ ഓഫീസ് ജനൽ തകർത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽനിന്ന് വിട്ടുകിട്ടണമെന്ന ആവശ്യമാണ് ഇപ്പോൾ പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.