വിലങ്ങാട് ഉരുൾപൊട്ടൽ: നിർമാണവിലക്കിനെതിരെ ഭരണസമിതി കനത്ത വിമർശനത്തിൽ..#latest news

 


 വാണിമേൽ: വിലങ്ങാട് ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ച കളക്ടറുടെ നടപടിക്കെതിരെ വാണിമേൽ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തി.

ഉരുൾപൊട്ടലിൽ സാരമായി നാശനഷ്ടമുണ്ടായ 9, 10, 11 വാർഡുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ വിവിധ ഏജൻസികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും അതിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കളക്ടർ തിടുക്കത്തിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് പ്രധാന പരാതി. വാണിമേൽ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയെയും തദ്ദേശ എംഎൽഎയെയും അറിയിക്കാതെയാണ് കളക്ടർ തീരുമാനമെടുത്തതെന്ന് ഭരണസമിതി ആരോപിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ജില്ലാ ഡെപ്യൂട്ടി കലക്ടർ അനിതയെ കണ്ട് പ്രതിഷേധം അറിയിച്ചു.

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ വാർഡ് അംഗങ്ങളുമായി പോലും കൂടിയാലോചിച്ചില്ല എന്നതാണ് ഭരണസമിതിയുടെ പ്രധാന പരാതി.

ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ അടിയന്തര യോഗം വിളിക്കണമെന്നും നിർമ്മാണ നിരോധനം മൂലം ജനങ്ങൾക്കുണ്ടായ ഗുരുതരമായ പ്രതിസന്ധിയും ആശങ്കകളും ലഘൂകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.

ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചു.

വിലങ്ങാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട്, 9, 10, 11 വാർഡുകളും നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡും നേരത്തെ അടച്ചിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0