തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ ആക്രമിച്ച അഭിഭാഷകൻ ബെയ്‌ലിൻ ദാസ് ഒളിവിൽ.#latest news

 


തിരുവനന്തപുരം: യുവ അഭിഭാഷകയെ മർ​ദിച്ച സംഭവത്തിൽ പ്രതി സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ പിടികൂടാനാകാതെ പോലീസ്. അഭിഭാഷകയായ ശ്യാമിലിയെ ക്രൂരമായി മർദിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇതുവരെ ബെയ്ലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്.

സംഭവം നടന്ന അന്നുതന്നെ ഒളിവിൽപോയ ബെയ്ലിൻ ഇതുവരെ പ്രതികരണവും നടത്തിയിട്ടില്ല. എന്നാൽ, ജോലിസ്ഥലത്തുവെച്ച് മർദനമേറ്റുവെന്ന് പറഞ്ഞ് ബെയ്‌ലിൻ ദാസ് കുറ്റിച്ചിറയിലെ കോസ്റ്റൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്. അതേസമയം, ബെയ്‌ലിൻ ദാസ് ഹൈകോടതിയിൽ മുൻ‌കൂർ ജാമ്യപേക്ഷ നൽകിയിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദിച്ച സംഭവം ഗൗരവമേറിയതാണെന്ന് നിയമമന്ത്രി പി.രാജീവ് തന്നെ പറഞ്ഞിട്ടും പോലീസിന് ഇതുവരെ പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നാണ് വിമർശനം. കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് നടന്നതെന്നായിരുന്നുശ്യാമിലിയെ സന്ദർശിച്ചശേഷം മന്ത്രി രാജീവിൻ്റെ പ്രതികരണം.

സംഭവം നടന്ന​ദിവസം ബെയ്ലിനെ രക്ഷിക്കാൻ ബാർ അസോസിയേഷൻ ഭാരവാഹികൾ ശ്രമിച്ചെന്ന ആക്ഷേപത്തിന് മന്ത്രി കഴിഞ്ഞദിവസം മറുപടി നൽകിയിരുന്നു. അങ്ങനെ ആരെങ്കിലും ശ്രമം നടത്തിയിട്ടുണ്ടെങ്കിൽ അവരും നിയമത്തിന്റെ പരിധിയിൽ വരണമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നും ബെയ്ലിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ശ്യാമിലിയെ മർദിച്ച ബെയ്ലിനെ ഇതുവരെ അറസ്റ്റ് ചെയ്യാനാകാത്തതിൽ വിമർശനവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അഭിഭാഷകനെ രക്ഷിക്കാൻ ശ്രമിച്ച ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

'ബെയ്‌ലിൻ കടലിൽ ആണെന്നാണ് അറിഞ്ഞത്. അതുകൊണ്ടാണ് ഇതുവരെ പിടികൂടാൻ സാധിക്കാത്തത്. നേരത്തെ മീൻപിടിക്കാൻ പോയിരുന്ന ആളാണ്. അദ്ദേഹം കടലിൽ ഉണ്ട്', ശ്യാമിലിയുടെ അമ്മ വസന്ത പ്രതികരിച്ചു. 'പോലീസ് അന്വേഷണം നടക്കട്ടെ. അവർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യട്ടെ. അവരുടെ ഭാഗത്തുനിന്ന് നല്ല രീതിയിൽ അന്വേഷണം നടക്കുന്നുണ്ട്. ബെയ്‌ലിൻ എവിടെയാണെന്ന് വിവരങ്ങൾ ഒന്നും ഇല്ല', ശ്യാമിലിയുടെ ഭർത്താവ് ഷൈൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പോലീസ് ബെയ്‌ലിൻ ദാസിനെതിരെ കേസെടുത്തിരിക്കുന്നത്. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽവെച്ചാണ് മർദ്ദനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിൻറെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ യുവതിയെ മർദിച്ചതെന്നാണ് വിവരം. യുവതി ജനൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. മുഖത്ത് ചതവുണ്ടായിരുന്നു.

യുവജന കമ്മിഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. നേരത്തെ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷനിൽനിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. ബെയ്ലിൻ ദാസിൻ്റെ അഭിഭാഷ അംഗത്വം റദ്ദാക്കണമെന്ന് ബാർ അസോസിയേൻ ബാർ കൗൺസിലിന് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. തങ്ങൾ ഇരയ്ക്കൊപ്പമാണെന്നും നീതി നേടിക്കൊടുക്കാൻ ഒപ്പം നിൽക്കുമെന്നുമാണ് ബാർ അസോസിയേഷൻ പറയുന്നത്. ബെയ്ലിനെ ചുറ്റിപ്പറ്റി രാഷ്ട്രീയ വാഗ്വാദങ്ങളും ഉയരുന്നുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0