മാനന്തവാടി: വനത്തിന് സമീപമുള്ള വീട്ടില്‍നിന്ന് കാണാതായ വയോധികയെ ഉള്‍വനത്തില്‍നിന്ന് കണ്ടെത്തി. മാനന്തവാടി പിലാക്കാവ് ഊന്നുകല്ലിങ്കല്‍ ലീല(73)യെയാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് ഓര്‍മ്മക്കുറവുള്ള ലീല വീടുവിട്ടിറങ്ങിയത്.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പോലീസും വനപാലകരും അഗ്നിരക്ഷാ സേനയും വനത്തിൽ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, വിവരമൊന്നും ലഭിച്ചിരുന്നില്ല. എസ്ഒജി അംഗങ്ങള്‍, പോലീസ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍.
വ്യാഴാഴ്ച രാവിലെ നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ആര്‍ആര്‍ടി അംഗങ്ങളാണ് തിരച്ചിലിനിടെ ലീലയെ കണ്ടത്. ഓര്‍മ്മക്കുറവുള്ള ലീല പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇവരെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.