സോഷ്യൽ മീഡിയ റീലുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് കിലി പോൾ. ഇന്ത്യൻ സിനിമകളിലെ ഗാനങ്ങൾക്ക് ലിപ് സിങ്ങ് ചെയ്തും നൃത്തം ചെയ്തും കിലി പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മലയാളം പാട്ടുകളും ചെയ്തതോടെ കിളിക്ക് കേരളത്തിലും ആരാധകരായി.
ഉണ്ണിയേട്ടൻ എന്നാണ് ടാൻസാനിയയിൽനിന്നുള്ള കിലി പോളിനെ മലയാളി ഫോളോവർമാർ വിളിക്കുന്നത്. ഇപ്പോഴിതാ കിലി പോൾ മലയാളസിനിമയിലും അരങ്ങേറുകയാണ്.
സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോൾ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷൻ നമ്പർ 1 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകുന്ന പേര്. കിലി പോൾ കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരുന്നു. ഇതിൻ്റെ വീഡിയോ സതീഷ് തൻവി പങ്കുവെച്ചിട്ടുണ്ട്.
അൽത്താഫ് സലിം, ജോമോൻ ജ്യോതിർ, അനാർക്കലി മരക്കാർ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എലമെൻ്റ്‌സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.