കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും മികച്ച തേയില ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. അതിനാൽ വിദേശരാജ്യങ്ങളിൽ ആവശ്യക്കാരും കൂടുതലാണ്. എന്നാൽ ഇന്ത്യൻ തേയില എന്ന ബ്രാൻഡിനെ മോശമാക്കുകയാണ് ഒരുകൂട്ടം കയറ്റുമതിക്കാർ. ഇന്ത്യൻ തേയില എന്ന വ്യാജേന ആഫ്രിക്കൻ തേയില ഇറക്കുമതിചെയ്ത് പ്രീമിയം ഇന്ത്യൻ ബ്രാൻഡാക്കി വിദേശവിപണിയിൽ എത്തിക്കുകയാണിവർ. വിദേശവിപണിയിൽ ഇന്ത്യൻ തേയിലയുടെ ഡിമാൻഡ് മുൻനിർത്തിയാണ് ഈ നീക്കം. കുറഞ്ഞ നിരക്കിലാണ് ഇവർ ആഫ്രിക്കൻ തേയില ഇറക്കുമതി ചെയ്യുന്നത്. ഇവയ്ക്ക് ഗുണനിലവാരവും കുറവാണ്.
ഇന്ത്യൻ തേയിലയുടെ പേരുകളയുന്ന പ്രവൃത്തികൾ ചെയ്യുന്ന ഇത്തരം കയറ്റുമതിക്കാർക്കെതിരേ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ടീ ബോർഡ്. ഇതിനോടകം ഇത്തരക്കാർക്കെതിരേ ബോർഡ് കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ ഇവരുടെ കയറ്റുമതി ലൈസൻസ് റദ്ദാക്കും.
ഇത്തരത്തിൽ ഇന്ത്യൻ തേയിലയുടെ പേര് കളയുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോടും ടീ ബോർഡിനോടും പ്ലാന്റേഷൻ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
2005 -ലെ തേയില വിതരണ - നിയന്ത്രണ ഉത്തരവനുസരിച്ച് പുറത്തുനിന്നെത്തിക്കുന്ന തേയില ‘മൾട്ടി ഒറിജിൻ’ എന്ന ലേബലിൽ മാത്രമേ കയറ്റി അയക്കാവൂ. ഇതിന് ‘ഇന്ത്യ’ എന്ന ലേബൽ ഉപയോഗിക്കാൻ പാടില്ല. എന്നാൽ, ചില സ്ഥാപനങ്ങൾ കുറഞ്ഞ തീരുവയിൽ അഡ്വാൻസ്ഡ് ലൈസൻസിൽ വില കുറഞ്ഞ ആഫ്രിക്കൻ തേയിലയെത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കെനിയയിൽനിന്നാണ് കൂടുതലും ഇറക്കുമതി. പിന്നീടിത് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നുവെന്ന പേരിൽ കൂടിയ നിരക്കിൽ കയറ്റുമതി ചെയ്യുന്നു.