ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരി മരിച്ചു. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേർക്ക് പരുക്കേറ്റു. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ എല്ലാവരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന കാറിനെയും പിക്കപ്പ് വാനിനെയും വന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ ഇടത് ഭാഗം പൂർണമായി തകർന്നു. ഈ ഭാഗത്ത് ഇരുന്ന സ്ത്രീയാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തിരുന്നത്. പിക്കപ്പ് വാനിലെ ഡ്രൈവറെയും പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ചാണ്. കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.