ഇന്ത്യ-പാക് വെടിനിർത്തലിൽ മധ്യസ്ഥത വഹിചെന്ന യുഎസ് അവകാശവാദം ഇന്ത്യ നിരസിച്ചു;#latest news

 


ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക് റൂബിയോയുടെയും അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ച പാകിസ്താനുമായി നേരിട്ടാണ് നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ സംബന്ധിച്ച്‌ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ പ്രതികരണത്തിലോ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാമൂഹിക മാധ്യമ കുറിപ്പിലോ മൂന്നാം കക്ഷി പങ്കാളിയായതായി പറഞ്ഞിട്ടില്ല.


ഒരു നിഷ്പക്ഷ സ്ഥലത്ത് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുമെന്ന മാര്‍ക് റൂബിയോയുടെ അവകാശവാദത്തിലും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മറ്റേതെങ്കിലും സ്ഥലത്ത് മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3:30-ന് പാക് ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയെ വിളിക്കുകയായിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരിക്കുന്നത്.

അതേസമയം, വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത എടുത്ത് പറഞ്ഞുകൊണ്ടാണ് ട്രംപ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് അറിയിച്ചത്. വിദേശകാര്യ മന്ത്രാലയം വിളിച്ച വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പായി സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം, ഇന്ത്യയും പാകിസ്താനും പൂര്‍ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്."- ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോയും ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ എക്‌സില്‍ കുറിച്ചു. താനും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സുമാണ് ചര്‍ച്ചകള്‍ നടത്തിയതെന്നാണ് റൂബിയോ അവകാശപ്പെട്ടത്. 'പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദി, ഷെഹ്ബാസ് ഷെരീഫ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍, പാക് കരസേന മേധാവി അസിം മുനീര്‍, ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവല്‍, അസിം മാലിക് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഇന്ത്യന്‍, പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി വാന്‍സും താനും ചര്‍ച്ച നടത്തിയെന്ന് റൂബിയോ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിയന്തര വെടിനിര്‍ത്തലിനും ഒരു നിഷ്പക്ഷ സ്ഥലത്ത് വിശാലമായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും സമ്മതിച്ചതായി അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നുണ്ട്. എന്നാൽ 'മെയ് 12-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഡിജിഎംഒമാര്‍ വീണ്ടും ചര്‍ച്ച നടത്തും' എന്നാണ് മിസ്രി അറിയിച്ചിട്ടുള്ളത്.

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും ധാരണയിലെത്തിയെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണത്തിലും അറിയിച്ചിട്ടില്ല. അതേസമയം, തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് ഇന്ത്യ തുടരുമെന്ന് ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്. ഭാവിയില്‍ രാജ്യത്തിനെതിരേ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ യുദ്ധമായി പരിഗണിച്ച് നടപടികളെടുക്കുമെന്ന് വെടിനിര്‍ത്തലിന് മുമ്പായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0