പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ ഹയർ സെക്കൻഡറിവിഭാഗം പ്ലസ് വൺ കോഴ്സുകളിലേക്കുള്ള ഏകജാലകപ്രവേശനത്തിന് മേയ് 14 മുതൽ 20 വരെ hscap.kerala.gov.in വഴി അപേക്ഷിക്കാം.
കോഴ്സ് ഘടന, വിഷയങ്ങൾ
രണ്ടുവർഷമാണ് കോഴ്സ് ദൈർഘ്യം. മൊത്തം ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത് - ഇംഗ്ലീഷ്, ഒരു ഭാഷാവിഷയം (സെക്കൻഡ് ലാംഗ്വേജ്), നാല് ഓപ്ഷണൽ വിഷയങ്ങൾ. ഭാഷാവിഷയങ്ങളിൽ മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, കന്നട, ഉറുദു, തമിഴ്, സിറിയക്, ലാറ്റിൻ, ജർമൻ, റഷ്യൻ, ഫ്രഞ്ച് എന്നിവയുണ്ട്.
വിവിധ ഓപ്ഷണൽ വിഷയങ്ങൾ ഉൾപ്പെടുന്ന 45 കോമ്പിനേഷനുകൾ ലഭ്യമാണ്. വിഷയങ്ങളുടെ സ്വഭാവമനുസരിച്ച്, ഈ 45 കോമ്പിനേഷനുകളെ സയൻസ് (9 എണ്ണം), ഹ്യുമാനിറ്റീസ് (32) കൊമേഴ്സ് (4) ഗ്രൂപ്പുകളായി തിരിച്ച് പ്രോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട് (ക്ലോസ് 18, പേജ് 21).
• സയൻസ് ഗ്രൂപ്പ് -വിവിധ കോമ്പിനേഷനുകളിലായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഹോം സയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളുണ്ട്.
• ഹ്യുമാനിറ്റീസ് ഗ്രൂപ്പ് -വിവിധ കോമ്പിനേഷനുകളിലായി ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, ഇസ്‌ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രോപ്പോളജി, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് ശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ
• കൊമേഴ്സ് ഗ്രൂപ്പ് -ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങൾ.
സയൻസ്/ഹ്യുമാനിറ്റീസ്/കൊമേഴ്സ് വിഭാഗങ്ങളിൽ ഓരോന്നിലും ഉൾപ്പെടുന്ന വിഷയങ്ങളിൽ നാലെണ്ണം വിവിധ കോമ്പിനേഷനുകളിലായി വരാം.
എല്ലാ രണ്ടാംഭാഷാവിഷയങ്ങളും ഓപ്ഷണൽ വിഷയ കോമ്പിനേഷനുകളും, എല്ലാ സ്‌കൂളുകളിലും ഉണ്ടാകില്ല. ഓരോ സ്‌കൂളിലുമുള്ള രണ്ടാംഭാഷാ വിഷയങ്ങൾ, ഓപ്ഷണൽ കോമ്പിനേഷനുകൾ എന്നിവ ജില്ലതിരിച്ച്, വെബ് സൈറ്റിൽനിന്ന് മനസ്സിലാക്കാം (സ്‌കൂൾ ലിസ്റ്റ്/പ്രോസ്‌പെക്ടസ് > അനുബന്ധം 7 നോക്കുക).
പ്രവേശനയോഗ്യത
എസ്എസ്എൽസി (കേരള സിലബസ്), ടിഎച്ച്എസ്എൽസി, സിബിഎസ്ഇ/സിഐഎസ്‌സിഇ ബോർഡുകളുടെ തത്തുല്യ പത്താംക്ലാസ് പരീക്ഷ (ഓൾ ഇന്ത്യ സെക്കൻഡറി സ്‌കൂൾ പരീക്ഷ/ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ പരീക്ഷ) തുടങ്ങിയവയിലൊന്ന് ഔപചാരിക വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ ഗ്രേഡോ തത്തുല്യമാർക്കോ നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം.
സിബിഎസ്ഇയിൽ പഠിച്ചവരിൽ, മാത്തമാറ്റിക്‌സ് സ്റ്റാൻഡേഡ് പാസായവർക്കേ ഹയർ സെക്കൻഡറിയിൽ മാത്തമാറ്റിക്‌സ് ഉൾപ്പെടുന്ന കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ അർഹത ലഭിക്കൂ.
അർഹതയില്ലാത്തവർ
സാക്ഷരതാ മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്, മറ്റ് ഓപ്പൺ സ്‌കൂൾ സംവിധാനങ്ങൾ എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസസമ്പ്രദായത്തിൽ പത്താംതരം യോഗ്യത നേടിയവർക്ക് ഹയർ സെക്കൻഡറി റെഗുലർ സ്ട്രീമിൽ അപേക്ഷിക്കാൻ അർഹതയില്ല.
പ്രായം
അപേക്ഷകർക്ക് 2025 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം. എന്നാൽ, ഈ ദിവസം 20 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്നപ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവുണ്ട് (22 വയസ്സുവരെ ആകാം). അന്ധർ, ബധിരർ, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഉയർന്നപ്രായപരിധി 25 വയസ്സായിരിക്കും.കേരള പൊതുപരീക്ഷാ ബോർഡിൽനിന്ന് എസ്എസ്എൽസി ജയിച്ചവർക്ക് കുറഞ്ഞപ്രായപരിധിയില്ല.
ഒരു റവന്യൂജില്ലയിലേക്ക് ഒരു അപേക്ഷ
മെറിറ്റ് സീറ്റിലേക്ക്, ഒരു റവന്യൂ ജില്ലയിൽ ഒരു അപേക്ഷയേ നൽകാവൂ. അപേക്ഷാ രജിസ്ട്രേഷൻ ഫീസായ 25 രൂപ പ്രവേശനസമയത്തെ ഫീസിനൊപ്പം നൽകിയാൽമതി. ഒന്നിലധികം റവന്യൂ ജില്ലകളിൽ പ്രവേശനം തേടുന്നവർ, ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകണം. ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് ഒന്നിൽക്കൂടുതൽ ജില്ലകളിൽ അലോട്മെൻറ് ലഭിച്ചാൽ, അവർ ഏതെങ്കിലും ഒരു ജില്ലയിൽ പ്രവേശനം നേടണം. അതോടെ മറ്റുജില്ലകളുടെ ഓപ്ഷനുകൾ തനിയേ റദ്ദാകും. ഇവർക്ക്, അലോട്മെൻറ്് ലഭിച്ച ജില്ലയിൽ താത്‌കാലിക അഡ്മിഷൻ എടുത്ത് അതേ ജില്ലയിലെ മെച്ചപ്പെട്ട ഓപ്ഷനുകൾക്കായി കാത്തിരിക്കാം.
എന്നാൽ, ആദ്യം ഒരു ജില്ലയിൽമാത്രം അലോട്മെൻറ്് ലഭിക്കുകയും അതനുസരിച്ച് പ്രവേശനം നേടിയശേഷം തുടർന്നുള്ള അലോട്മെൻറിൽ മറ്റൊരു ജില്ലയിൽ പുതിയ അലോട്മെൻറ്് ലഭിക്കുകയുംചെയ്താൽ പുതിയ അലോട്മെൻറ്് സ്വീകരിക്കാം. തുടർന്ന്, പുതുതായി പ്രവേശനം നേടിയ ജില്ലയിലെ ഹയർ ഓപ്ഷനുകളേ പരിഗണിക്കൂ. ആദ്യജില്ലയിലെ ഓപ്ഷനുകൾ തനിയേ റദ്ദാകും.
റാങ്ക്പട്ടിക തയ്യാറാക്കൽ
പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്ന രീതി പ്രോസ്‌പെക്ടസിൽ ക്ലോസ് 16-ൽ (പേജ് 16) വിശദീകരിച്ചിട്ടുണ്ട്.
പത്താംക്ലാസ് പരീക്ഷാഫലത്തിൽ ഓരോ വിഷയത്തിന്റെയും ഫലം, ഗ്രേഡ് വഴിയാണ് നൽകിയിരിക്കുന്നത്. എ+, എ, ബി+, ബി, സി+, സി, ഡി+, ഡി എന്നിങ്ങനെ. എല്ലാ വിഷയങ്ങൾക്കും ഡി+ എങ്കിലും ഗ്രേഡ് നേടിയവർക്കാണ് ഉന്നതവിദ്യാഭ്യാസത്തിനുള്ള അർഹത.
പ്ലസ് വൺ പ്രവേശന റാങ്ക്പട്ടിക പലഘട്ടങ്ങളിലൂടെയാണ് തയ്യാറാക്കുന്നത്.
• ആദ്യഘട്ടം: ലഭിച്ച ഗ്രേഡുകൾ ഓരോന്നും ഗ്രേഡ് പോയിൻറുകളാക്കിമാറ്റും. ഓരോ ഗ്രേഡിനും നിശ്ചയിച്ചുനൽകുന്ന തത്തുല്യമായ ഒരു സംഖ്യാമൂല്യമാണ് ഗ്രേഡ് പോയിൻറ്്. എ+ എന്ന ഗ്രേഡിന് തത്തുല്യമായ ഗ്രേഡ് പോയിൻറ്് 9 ആണ്. എ (8), ബി+ (7), ബി (6), സി+ (5), സി (4), ഡി+ (3) എന്നിങ്ങനെയാണ് മറ്റ് ഗ്രേഡുകളും തത്തുല്യ ഗ്രേഡ് പോയിൻറുകളും.
• ഘട്ടം 2: എല്ലാ വിഷയങ്ങളുടെയും ഗ്രേഡ് പോയിൻറുകൾ കൂട്ടി ആകെ ഗ്രേഡ് പോയിൻറ്് (ടിജിപി) കണക്കാക്കും. 10 വിഷയങ്ങൾക്കും എ+ ലഭിച്ച ഒരാളുടെ ടിജിപി, 90 ആയിരിക്കും. 5 വിഷയങ്ങൾക്ക് എ+ ഉം 5-ന് എ-യും ലഭിച്ച കുട്ടിയുടെ ടിജിപി 85 ആയിരിക്കും [(5x9)+(5x8)].
വിഷയങ്ങളുടെ മൊത്തം എണ്ണത്തെ (ടോട്ടൽ നമ്പർ ഓഫ് സബ്ജെക്ട്സ്), ടിഎസ് എന്ന് സൂചിപ്പിക്കും (ഇവിടെ 10 വിഷയങ്ങൾ)
• ഘട്ടം 3: ഹയർ സെക്കൻഡറി പഠനത്തിന് വിദ്യാർഥി തിരഞ്ഞെടുക്കുന്ന നാല് വിഷയങ്ങൾ അടങ്ങുന്ന കോമ്പിനേഷൻ അനുസരിച്ച് (സയൻസ്-9 കോമ്പിനേഷൻ, ഫ്യുമാനിറ്റീസ്-32, കൊമേഴ്സ്-4, മൊത്തം-45) യോഗ്യതാപരീക്ഷയിലെ നിശ്ചിതവിഷയങ്ങൾക്ക് അധികപരിഗണന (വെയ്റ്റേജ്) കിട്ടും.
സയൻസ് വിഭാഗത്തിൽ നാല് കോമ്പിനേഷന്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെയും, അഞ്ചെണ്ണത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെയും, ഗ്രേഡ് പോയിൻറ് കൂട്ടും.
ഹ്യുമാനിറ്റീസ് വിഭാഗത്തിലുള്ള കോമ്പിനേഷനുകൾക്ക് വെയ്റ്റേജ് ലഭിക്കുന്ന വിഷയം: 25 കോമ്പിനേഷനുകൾക്ക്, സോഷ്യൽ സയൻസ് വിഷയത്തിന്റെ ഗ്രേഡ് പോയിൻറ്് കൂട്ടും. നാലെണ്ണത്തിന്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് എന്നിവയുടെതും മൂന്നെണ്ണത്തിന്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളുടേതും കൂട്ടും.
കൊമേഴ്സിലെ നാല് കോമ്പിനേഷനുകൾക്കും സോഷ്യൽ സയൻസ്, മാത്തമാറ്റിക്‌സ് എന്നിവയുടെ ഗ്രേഡ് പോയിൻറുകൾ പരിഗണിക്കും.
വെയ്റ്റേജിന് പരിഗണിക്കുന്ന വിഷയങ്ങളുടെ മൊത്തം ഗ്രേഡ് പോയിൻറ്് ആണ് ഗ്രേഡ് വാല്യൂ ഓഫ് സബ്ജെക്ട്സ് ഫോർ വെയ്റ്റേജ് - ജിഎസ്ഡബ്ല്യു.
വെയ്റ്റേജിന് പരിഗണിക്കുന്ന വിഷയങ്ങളുടെ എണ്ണത്തെ ടിഎസ്ഡബ്ല്യു (ടോട്ടൽ സബ്ജെക്ട്സ് ഫോർ വെയ്റ്റേജ്) എന്നും സൂചിപ്പിക്കും.
• ഘട്ടം 4: തുടർന്ന് ജിഎസ്ഡബ്ല്യു, ടിജിപിയോട് കൂട്ടും. കിട്ടുന്ന മൂല്യത്തെ, ടിഎസ് + ടിഎസ്ഡബ്ല്യുകൊണ്ട് ഹരിക്കും. അതായത്, [(ടിജിപി + ജിഎസ്ഡബ്ല്യു)/(ടിഎസ് + ടിഎസ്ഡബ്ല്യു)] കണക്കാക്കും.
ഈ ഘടകമാണ് അക്കാദമിക് വാല്യൂ പാർട്ട് (എവിപി). ഇതിന്റെ മൂല്യം X ആണെന്ന് കരുതുക.
• ഘട്ടം 5: വിദ്യാർഥിക്ക് പ്രോസ്‌പെക്ടസ് പ്രകാരം അർഹതയുള്ള ബോണസ് പോയിൻറുകളും (ബിപി) കുറയ്ക്കേണ്ട മൈനസ് പോയിൻറുകളും (എംപി) [ഇവ പരിഗണിക്കുന്ന രീതി പ്രോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട്] നിർണയിക്കും. തുടർന്ന്
[(ബിപി-എംപി)/10] കണക്കാക്കും. ഈ ഘടകമാണ് ബോണസ് വാല്യൂ പാർട്ട് (ബിവിപി). ഇതിന്റെ മൂല്യം Y ആയി കരുതുക.
• ഘട്ടം 6: തുടർന്ന് X, Y എന്നിവ കൂട്ടി, വെയ്റ്റഡ് ഗ്രേഡ് പോയിൻറ് ആവറേജ് (ഡബ്ല്യുജിപിഎ) കണക്കാക്കും.
ഡബ്ല്യുജിപിഎ = X + Y. ഇതാണ് റാങ്കിങ്ങിനായി പരിഗണിക്കുന്ന മൂല്യം. ഏഴ് ദശാംശസ്ഥാനത്തേക്ക് ഇത് ക്രമീകരിക്കും. ഇവിടെ തുല്യതവന്നാൽ, അത് ഒഴിവാക്കാൻ മുൻഗണന നിശ്ചയിച്ച് പരിഗണിക്കുന്ന ഘടകങ്ങൾ പ്രോസ്‌പെക്ടസിൽ പറഞ്ഞിട്ടുണ്ട്.
ട്രയൽ അലോട്മെന്റ്
യഥാർഥ അലോട്മെൻറിനുമുൻപ്, അവസാനവട്ട പരിശോധന നടത്തുന്നതിലും തിരുത്തലുകൾ വേണമെങ്കിൽ, അവ നടത്തുന്നതിനും ഒരു ട്രയൽ അലോട്മെൻറ്് പ്രസിദ്ധപ്പെടുത്തും. അപേക്ഷയിലെ വിവരങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ ഈ സമയത്ത് അവ തിരുത്താം. സ്‌കൂളുകൾ, സബ്ജെക്ട് കോമ്പിനേഷനുകൾ (ഓപ്ഷനുകൾ) എന്നിവ മാറ്റാനും സൗകര്യമുണ്ടാകും.
സ്ഥിര/താത്‌കാലിക പ്രവേശനം
• ഒന്നാം ഓപ്ഷൻ അനുവദിക്കപ്പെട്ടാൽ ഫീസ് അടച്ച് ബന്ധപ്പെട്ട സ്‌കൂളിൽ പ്രവേശനം നേടണം. ഇത് സ്ഥിരപ്രവേശനമാണ് (താഴ്ന്ന ഓപ്ഷനുകൾ സ്വമേധയാ റദ്ദാകുമല്ലോ. അപ്പോൾ ഒരു മാറ്റമുണ്ടാകില്ല). ഫീസടച്ചില്ലെങ്കിൽ പ്രവേശനം നഷ്ടമാകും. പിന്നീട് അവസരം ലഭിക്കില്ല.
• എന്നാൽ, താഴ്ന്ന ഒരു ഓപ്ഷൻ ലഭിക്കുന്ന വിദ്യാർഥിക്ക് താത്‌കാലികപ്രവേശനം നേടി, ഉയർന്ന ഓപ്ഷനുകളിലേക്കുള്ള മാറ്റത്തിനായി കാത്തിരിക്കാം.
• താത്‌കാലികപ്രവേശനം നേടാൻ ഫീസടയ്ക്കേണ്ടതില്ല. ഹയർ സെക്കൻഡറി പ്രവേശനയോഗ്യത തെളിയിക്കാനുള്ള അസൽരേഖകൾ സ്‌കൂൾപ്രിൻസിപ്പലിനെ ഏൽപ്പിക്കണം. മെച്ചപ്പെട്ട ഓപ്ഷൻ ലഭിക്കുമ്പോൾ താത്‌കാലികപ്രവേശനം നേടിയ സ്‌കൂളിൽനിന്ന് അസൽ സർട്ടിഫിക്കറ്റുകൾ വാങ്ങി പുതിയ സ്‌കൂളിൽ നൽകി പ്രവേശനം നേടണം. അസൽരേഖകൾ ഹാജരാക്കിയില്ലെങ്കിൽ പ്രവേശനം ലഭിക്കില്ല
• മുഖ്യ അലോട്മെൻറുകൾ കഴിയുംവരെ താത്‌കാലിക അഡ്മിഷനിൽ തുടരാം
• താഴ്ന്ന ഓപ്ഷനിൽ അഡ്മിഷൻ ലഭിച്ചശേഷം അഡ്മിഷൻ സ്ഥിരപ്പെടുത്തണമെങ്കിൽ ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കി ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. അവർ പ്രവേശനം നേടുന്നദിവസം ഉയർന്ന ഓപ്ഷൻ റദ്ദുചെയ്യാൻ ആഗ്രഹിക്കുന്നവിവരം പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾമാത്രമായും റദ്ദുചെയ്യാം
• ഉയർന്ന ഓപ്ഷൻ റദ്ദുചെയ്യാത്തവർക്ക് തുടർ അലോട്മെൻറിൽ അതിലൊന്ന് ലഭിച്ചാൽ, നിർബന്ധമായും പുതിയ അലോട്മെൻറ്് സ്വീകരിക്കണം. പഴയത് നഷ്ടപ്പെടും. താത്‌കാലികപ്രവേശനം നേടാതിരുന്നാലും പ്രക്രിയയിൽനിന്ന് പുറത്താകും
മൂന്ന് റൗണ്ട് അലോട്മെന്റുകൾ
മുഖ്യ അലോട്മെൻറിൽ മൂന്നുറൗണ്ട് അലോട്മെൻറുകളുണ്ടാകും. അതിനുശേഷമുള്ള ഒഴിവുകളിലേക്ക് സപ്ലിമെൻററി അലോട്മെൻറുകൾ നടത്തും. മുഖ്യ അലോട്മെൻറ്് അവസാനിക്കുന്നതോടെ താത്‌കാലികപ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും പ്രവേശനം സ്ഥിരപ്പെടുത്തണം.
മോഡൽ റെസിഡെൻഷ്യൽ സ്കൂൾ പ്രവേശനം
പട്ടികവർഗവികസന വകുപ്പിന്റെ 14-ഉം പട്ടികജാതിവികസന വകുപ്പിന്റെ ആറും മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും പ്രവേശനം ഏകജാലകസംവിധാനംവഴിയായിരിക്കും. പ്രത്യേക അപേക്ഷ ഓൺലൈനായി സ്വീകരിച്ച് പ്രവേശനം നടത്തും. വിശദമായ നിർദേശം പ്രത്യേകം നൽകും.
സീറ്റുകൾ
സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ മൊത്തം സീറ്റുകൾ, എയ്ഡഡ് (ന്യൂനപക്ഷ/പിന്നാക്ക സമുദായ സ്‌കൂളുകൾ ഉൾപ്പെടെ) ഹയർ സെക്കൻഡറി സ്‌കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകൾ (ഓപ്പൺ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ) എന്നിവ ഏകജാലകംവഴി നികത്തുന്നു. അതിന്റെയും സീറ്റ് സംവരണത്തിന്റെയും വിശദാംശങ്ങൾ, പ്രോസ്‌പെക്ടസ് ക്ലോസ് 13-ൽ (പേജ് 11) നൽകിയിട്ടുണ്ട്.
മാനേജ്മെന്റ്,
കമ്യൂണിറ്റി ക്വാട്ട
• എല്ലാ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌ളുകളിലും 20 ശതമാനം സീറ്റുകൾ മാനേജ്മെൻറ്് ക്വാട്ട സീറ്റുകളാണ്. പിന്നാക്ക/ന്യൂനപക്ഷ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 20 ശതമാനം കമ്യൂണിറ്റി ക്വാട്ട സീറ്റുകളും ഉണ്ട്
• മാനേജ്മെൻറ് സീറ്റ് പ്രവേശനം അതത് മാനേജ്മെൻറുകൾ നടത്തും
• കമ്യൂണിറ്റി സീറ്റിലേക്ക് അതത് സമുദായത്തിൽപ്പെടുന്ന അപേക്ഷകരിൽനിന്ന് ബന്ധപ്പെട്ട മാനേജ്‌മെൻറ്, മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും
• മാനേജ്മെൻറ്, കമ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ, ബന്ധപ്പെട്ട സ്‌കൂളിൽനിന്ന് ഇതിലേക്കുള്ള പ്രത്യേകം അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് അതത് സ്‌കൂളിൽ നൽകണം. ഈ സീറ്റുകളിലേക്കുള്ള അലോട്മെൻറ്, ഏകജാലകപ്രവേശനത്തിന്റെ പരിധിയിൽ വരുന്നില്ല.
അൺ എയ്ഡഡ് ക്വാട്ട സീറ്റുകൾ
അംഗീകൃത അൺ എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത് അതത് സ്‌കൂൾതലത്തിലാണ്. ഇവിടെ സീറ്റ് വിഭജനം (ശതമാനത്തിൽ) ഇപ്രകാരമായിരിക്കും: മെറിറ്റ്-40, പട്ടികജാതി സംവരണം-12, പട്ടികവർഗ സംവരണം-8, മാനേജ്മെൻറ്് ക്വാട്ട-40. ഇതിനുള്ള അപേക്ഷയും ബന്ധപ്പെട്ട സ്‌കൂളിൽനിന്ന് വാങ്ങി പൂരിപ്പിച്ച് ആ സ്‌കൂളിൽത്തന്നെ നൽകണം.
മറ്റ് ഷെഡ്യൂളുകൾ
സ്‌പോർട്സ്, കമ്യൂണിറ്റി, മാനേജ്മെൻറ്, അൺ എയ്ഡഡ് എന്നീ ക്വാട്ടകളിലെയും മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെയും മുഖ്യ/സപ്ലിമെൻററി ഘട്ട അലോട്മെൻറുകളുടെ സമയക്രമം പോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട്.
ഹെൽപ്പ് ഡെസ്‌കുകൾ
ഓൺലൈൻ അപേക്ഷാസമർപ്പണത്തിനും നൽകിയ വിവരങ്ങളുടെ പരിശോധനയ്ക്കും പ്രവേശനംസംബന്ധിച്ച് വിദ്യാർഥികളുടെ സംശയദൂരീകരണത്തിനും സ്‌കൂൾതലത്തിൽ അധ്യാപകരും രക്ഷാകർത്തൃസമിതി അംഗങ്ങളും അടങ്ങുന്ന ഹെൽപ്പ് ഡെസ്‌കുകൾ, പ്രവേശനപ്രക്രിയ പൂർത്തിയാകുംവരെ സ്‌കൂളുകളിൽ പ്രവർത്തിക്കും.
• ഓൺലൈൻ അപേക്ഷ മേയ് 14 മുതൽ 20 വരെ
• ട്രയൽ അലോട്മെൻറ് 24-ന്
• ആദ്യ അലോട്മെൻറ് ജൂൺ രണ്ടിന്
• മുഖ്യ അലോട്മെൻറ് 17-ന് പൂർത്തിയാകും
• ക്ലാസുകൾ 18-ന് തുടങ്ങും
• സപ്ലിമെൻററി അലോട്മെൻറ് നടപടികൾ 28 മുതൽ ജൂലായ് 23 വരെ
• പ്രവേശനം ജൂലായ് 23-ന് പൂർത്തിയാക്കും.
• ഒരു സ്‌കൂളും ഒരു സബ്ജെക് കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ
• പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഏറ്റവും ഇഷ്ടപ്പെടുന്ന സബ്ജെക്ട് കോമ്പിനേഷനുമാണ് ഒന്നാംഓപ്ഷനായി നൽകേണ്ടത്. അത് ലഭിക്കുന്നില്ലെങ്കിൽ രണ്ടാമതായി പരിഗണിക്കേണ്ട സ്‌കൂളും സബ്ജെക്ട് കോമ്പിനേഷനുമാണ് രണ്ടാംഓപ്‌ഷ നായി നൽകേണ്ടത്. ഇപ്രകാരം മുൻഗണന നിശ്ചയിച്ച് താത്‌പര്യമുള്ള അത്രയും എണ്ണം ഓപ്ഷനുകൾ നൽകാം. ഒരു സ്‌കൂളിലെ വിവിധ സബ്ജെക്ട് കോമ്പിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്.
• ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഈ അനുബന്ധത്തിൽ നൽകിയിട്ടുണ്ട്. ജില്ലതിരിച്ചുള്ള സ്‌കൂളുകളുടെ പട്ടിക; ഓരോന്നിലുമുള്ള സബ്‌ജക്ട് കോമ്പിനേഷനുകൾ, ലഭ്യമായ ഭാഷാവിഷയം (സെക്കൻഡ് ലാംഗ്വേജ്) എന്നിവ വ്യക്തമാക്കി അനുബന്ധം 7-ൽ ലഭിക്കും. ഇത് പരിശോധിച്ച് മുൻഗണനാക്രമം നിശ്ചയിക്കാം.
• ഓപ്ഷനുകൾ നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അനുവദിച്ചാൽ സ്വീകരിക്കുമെന്നുറപ്പുള്ള ഓപ്ഷനുകളേ നൽകാവൂ. അവയിൽ, കൂടുതൽ താത്‌പര്യമുള്ള ഓപ്ഷനുകൾ ആദ്യമാദ്യം നൽകണം. കുറഞ്ഞ താത്‌പര്യമുള്ളവ താഴെയായി വരണം
• ഏതെങ്കിലും ഓപ്ഷൻ അനുവദിച്ചാൽ അതിനുതാഴെയുള്ളവ (ലോവർ ഓപ്ഷനുകൾ) സ്വമേധയാ റദ്ദാകും. എന്നാൽ, അതിന് മുകളിലുള്ളവ (ഹയർ ഓപ്ഷൻസ്) സ്ഥിരപ്രവേശനം നേടുംവരെ നിലനിൽക്കും
• ഹയർ ഓപ്ഷനുകളിൽ താത്‌പര്യമില്ലാത്തവ സമയപരിധിക്കകം റദ്ദുചെയ്യാൻ അവസരം ലഭിക്കും. താത്‌പര്യമുള്ളത്രയും ഓപ്ഷനുകൾ നൽകാം
• അനുവദിച്ച ഓപ്ഷൻ സ്വീകരിക്കാതിരുന്നാൽ - താത്‌കാലികമായോ സ്ഥിരമായോ ഉള്ള പ്രവേശനം നേടാതിരുന്നാൽ - ആ അലോട്മെൻറ് നഷ്ടപ്പെടും. ഒപ്പം പ്രക്രിയയിൽനിന്ന് പുറത്താകും. തുടർ അലോട്മെൻറുകളിലേക്ക് പരിഗണിക്കില്ല.