സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പുറത്തുവന്നത്. https://www.cbse.gov.in/ https://results.cbse.nic.in/, എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമേ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാങ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിശദാംശങ്ങൾ നൽകി ഫലം പരിശോധിക്കാം. പത്താം ക്ലാസിലെ ഫലങ്ങളും ഉടൻ പ്രസിദ്ധീകരിക്കും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസിലെ വിജയശതമാനത്തിൽ 0.41 ശതമാനം വർധനവുണ്ട്. ഈ വർഷത്തെ വിജയശതമാനം 88.39 ആണ്. 2024 ൽ ഇത് 87.98 ശതമാനമായിരുന്നു. 99.60 എന്ന വിജയശതമാനത്തോടെ വിജയവാഡ മേഖലയാണ് മുന്നിൽ. 99.32 ശതമാനം വിജയശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് രണ്ടാം സ്ഥാനത്ത്. യുപിയിലെ പ്രയാഗ്‌രാജ് 79.53 ശതമാനം മാത്രം വിജയശതമാനവുമായി പിന്നിലാണ്.
ഈ വർഷം സിബിഎസ്ഇ ബോർഡ് പരീക്ഷയ്ക്ക് ഏകദേശം 44 ലക്ഷം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ഇതിൽ 24.12 ലക്ഷം വിദ്യാർത്ഥികൾ പത്താം ക്ലാസിലും 17.88 ലക്ഷം വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസിലും പരീക്ഷ എഴുതി. 2025 ഫെബ്രുവരി 15 നും ഏപ്രിൽ 4 നും ഇടയിലാണ് പരീക്ഷകൾ നടന്നത്. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18 ന് അവസാനിച്ചു, 12-ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 4 ന് അവസാനിച്ചു.
2024 ൽ, പത്താം ക്ലാസിലെ വിജയശതമാനം 93.60% ആയിരുന്നു. അന്ന് ആകെ 22,38,827 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, അതിൽ 20,95,467 പേർ വിജയിച്ചു. അതേസമയം, പന്ത്രണ്ടാം ക്ലാസിലെ വിജയശതമാനം 87.98% ആയിരുന്നു. ഇതിൽ 16,21,224 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 14,26,420 പേർ വിജയിച്ചു. 2023 ലെ ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2024 ൽ നേരിയ വർധനവുണ്ടായി.