ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സുരക്ഷാ സേന 22 മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സിആർപിഎഫ്, ഛത്തീസ്ഗഡ് പോലീസിന്റെ ജില്ലാ റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്‌സ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ഛത്തീസ്ഗഡിലാണ് നടന്നത്. അടുത്തിടെ, തെലങ്കാന അതിർത്തിയിലെ കരേഗുട്ട വനത്തിൽ മാവോയിസ്റ്റുകൾക്കെതിരെ ഒരു നീക്കം നടത്തിയിരുന്നു.
ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് നടത്തിയ തിരച്ചിൽ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടൽ നടന്നത്. ദണ്ഡകാരണ്യ സോണൽ കമ്മിറ്റി, തെലങ്കാന സ്റ്റേറ്റ് കമ്മിറ്റി, മാവോയിസ്റ്റ് സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) യുടെ ബറ്റാലിയൻ 1 എന്നിവയിലെ അംഗങ്ങൾ പങ്കെടുക്കുന്നുണ്ടെന്ന് സംയുക്ത സേനയ്ക്ക് വിവരം ലഭിച്ചു.
ഓപ്പറേഷൻ സങ്കൽപ് എന്ന രഹസ്യനാമമുള്ള മാവോയിസ്റ്റ് വേട്ട ഏപ്രിൽ 21 ന് ആരംഭിച്ചു. ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ആകെ എണ്ണം 26 ആയി. ഏപ്രിൽ 24 ന് അതേ പ്രദേശത്തുനിന്നുള്ള മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തി. മെയ് 5 ന് ഒരു വനിതാ മാവോയിസ്റ്റും കൊല്ലപ്പെട്ടു.
വളരെക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ചില മുതിർന്ന മാവോയിസ്റ്റുകൾ ഇന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ പരിക്കേറ്റവരെ അവരുടെ സഖാക്കൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയതായും പോലീസ് പറയുന്നു. മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിക്കുകയും വലിയൊരു ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. 2025 ൽ ഇതുവരെ 168 മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തി. ഇതിൽ 151 പേർ ബിജാപൂർ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിലാണ്. ഈ പ്രദേശം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നു.