തിരുവനന്തപുരം: കഴക്കൂട്ടത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി പരാതി. ചികിത്സ പിഴവിനെ തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നതായാണ് ആരോപണം. യുവതിയുടെ പരാതിയിൽ തുമ്പ പോലീസ് കേസെടുത്തു.
കഴക്കൂട്ടം കുളത്തൂരിലെ കോസ്മാറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31 കാരിയായ നീതുവിനാണ് ചികിത്സ പിഴവിനെ തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടതായി വന്നത്. പ്രസവത്തിന് നീതുവിന് വയർ ചാടിയതായും തുടർന്ന് വ്യായാമം ചെയ്തെങ്കിലും ഫലം കണ്ടില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു. പിന്നീട് പരസ്യം കണ്ടാണ് കോസ്മാറ്റിക് ആശുപത്രിയുമായി ബന്ധപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം രൂപ ആദ്യം ചോദിച്ചത്. പിൻമാറിയെങ്കിലും ഓഫറുണ്ട്, മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതരാമെന്ന പറഞ്ഞ് ആശുപത്രിയിൽ നിന്നും ബന്ധപ്പെടുകയും ശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയും ചെയ്തു.
'അഡ്മിറ്റായി തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തുകയും പിന്നീട് രാവിലെ ഡിസ്ചാർജ് ചെയ്യുകയും ചെയ്യും. പതിനൊന്നുമണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ ബന്ധപ്പെട്ടു. ഉപ്പിട്ട് കഞ്ഞിവെള്ളം കൊടുക്കാനാണ് ഡോക്ടർ പറഞ്ഞത്. മൂന്നുനാൽ തവണ ശർദിക്കുകയും തലകറങ്ങുകയും ചെയ്തതോടെ ഡോക്ടറെ ബന്ധപ്പെട്ടെങ്കിലും കഞ്ഞിവെള്ളവും ഒട്സും നൽകാനായിരുന്നു മറുപടി. വീണ്ടും വിളിച്ചതോടെ രാവിലെ ആശുപത്രിയിൽ കൊണ്ടുവരാൻ ഡോക്ടർ നിർദ്ദേശിച്ചു.
രാവിലെ ആശുപത്രിയിലെത്തിയപ്പോൾ പത്തുകുപ്പി ബ്ലെഡ് വേണമെന്ന് പറഞ്ഞു. പിന്നീട് ഒരു മണിക്കൂറിനുള്ളിൽ ആശുപത്രി അധികൃതർ വിളിക്കുകയും നീതുവിൻ്റെ ആരോഗ്യനില ഗുരുരമാണെന്ന് പറയുകയായിരുന്നു. ബിൽ അടച്ച് ലീവ് ഓഫീസിലേക്ക് പോയി ഭർത്താവ് മടങ്ങിയെത്തിയപ്പോൾ നീതുവിനെ ഇനോവ കാറിൽ കയറ്റുന്നതാണ് കണ്ടത്. നീതുവിന് അറ്റാക്ക് വന്നതായും വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നും ആംബുലൻസ് വിളിച്ചില്ലെന്നും കുടുംബം ആരോപിച്ചു. വിഷയത്തിൽ കോസ്മാറ്റിക് ആശുപത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
22 ദിവസമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ യുവതി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞത്. പിന്നീട് കൈകളിയെയും കാലുകളിലെയും ഒമ്പത് വിരലുകൾ മുറിച്ചുമാറ്റേണ്ടതായി വന്നു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ യുവതി ചികിത്സയിലാണ്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.