പുതിയ കെപിസിസി പ്രസിഡൻ്റായി സണ്ണി ജോസഫ് എംഎൽഎയെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ വർക്കിങ് പ്രസിഡൻ്റുമാരായും തിരഞ്ഞെടുത്തു. കെ സുധാകരനെ എഐസിസി പ്രവർത്തക സമിതിയിലേക്ക് സ്ഥിരം ക്ഷണിതാവാക്കി. സുധാകരൻ്റെ സംഭാവനകൾ അഭിനന്ദനാർഹമാണെന്നും പ്രസ്താവനയിൽ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ പ്രസിഡൻ്റ് വരുന്നത്. അടുത്ത പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ആൻ്റോ ആൻ്റണിയുടെ പേരും ഉണ്ടായിരുന്നു.
പുതിയ കെപിസിസി പ്രസിഡൻ്റിൻ്റെ പ്രഖ്യാപനം ഇനിയും വൈകിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡിൻ്റെ തീരുമാനം. കൊടിക്കുന്നിൽ സുരേഷും പ്രസിഡൻ്റ് സ്ഥാനത്തിന് താൽപര്യം പ്രകടിപ്പിച്ച് ഹൈക്കമാൻഡിനെ സമീപിച്ചെങ്കിലും അതും നടന്നില്ല.