15,000 രൂപയുടെ കടം വീട്ടാൻ ബാലവേലയ്ക്ക് വിറ്റ 9 വയസ്സുകാരൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു...#latest news

 

ചെന്നൈ: കടംവാങ്ങിയ 15,000 രൂപ തിരിച്ച് കൊടുക്കാനാകാതെ മാതാപിതാക്കള്‍ അടിമപ്പണിയ്ക്ക് അയച്ച ഒന്‍പത് വയസ്സുകാരന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

തുടര്‍ന്ന് മാതാപിതാക്കളെ അറിയറിക്കാതെ മൃതദേഹം അടക്കം ചെയ്തു. ആന്ധ്രപ്രദേശിലെ ഗുഡൂരിലെ പ്രകാശം, ഭാര്യ അങ്കമ്മ ദമ്പതിമാരുടെ മകന്‍ വെങ്കിടേശനാണ് തിരുവണ്ണാമലൈയില്‍ മരിച്ചത്. മാതാപിതാക്കള്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഗുഡൂരിലെ മുത്തു-ധനഭാഗ്യം ദമ്പതിമാരില്‍ നിന്ന് 15,000 രൂപ കടം വാങ്ങിയിരുന്നു. പണം തിരിച്ച് കൊടുക്കാനില്ലാത്തതിനാല്‍ മകന്‍ വെങ്കിടേശനെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അടിമപ്പണിയ്ക്കായി മുത്തു-ധനഭാഗ്യം ദമ്പതിമാര്‍ക്ക് നല്‍കുകയായിരുന്നു.

15,000 രൂപയ്ക്ക് പണിചെയ്ത് കഴിഞ്ഞാല്‍ വെങ്കിടേശനെ തിരികെ അയക്കാമെന്നായിരുന്നു വ്യവസ്ഥ. വെങ്കിടേശനെ തിരുവണ്ണാമലൈ ജില്ലയിലെ വെണ്‍പ്പാക്കത്തെക്കായിരുന്നു അയച്ചത്. താറാവിനെ മേയ്ക്കലായിരുന്നു പണി. അവിടെ ജോലിചെയ്ത് കൊണ്ടിരിക്കെ 30 ദിവസം മുന്‍പ് വെങ്കിടേശന് മഞ്ഞപ്പിത്തം ബാധിച്ചു. രോഗം ഗുരുതരമായശേഷം മുത്തു തിരുവണ്ണാമലൈ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സ ഫലിക്കാതെ മരണത്തിന് കിഴടങ്ങി. മരിച്ച വിവരം പ്രകാശത്തെ അറിയിക്കാതെ വെങ്കിടേശന്റെ മൃതദേഹം കാഞ്ചീപുരത്തെ പാലാറിന്റെ കരയില്‍ മുത്തു, ഭാര്യ ധനഭാഗ്യം, മകന്‍ രാജശേഖര്‍ എന്നിവര്‍ ചേര്‍ന്ന് അടക്കംചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം പ്രകാശം-അങ്കമ്മ എന്നിവര്‍ വെങ്കിടേശനെ കുറിച്ച് മുത്തുവിനോട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇവര്‍ ഗുഡൂരിലെ കത്തിവേട് പോലീസില്‍ പരാതി നല്‍കി. പോലീസ് മുത്തുവിനെയും ധനഭാഗ്യത്തെയും ചോദ്യംചെയ്തു. മുത്തു നടന്ന സംഭവങ്ങള്‍ പറഞ്ഞു. പോലീസ് മുത്തു, ഭാര്യ ധനഭാഗ്യം, മകന്‍ രാജശേഖര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് ആന്ധ്രപ്രദേശിലേക്ക് കൊണ്ടുപോയി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0