നാടിനെ നടുക്കിയ കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിഷയത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടിയത്. തീപിടുത്തത്തിൻ്റെ കാരണം അന്വേഷിച്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി പറഞ്ഞു.
പുതിയ ബസ് സ്റ്റാൻഡിൽ തീപിടിത്തമുണ്ടായ ഭാഗത്ത് മാത്രം നിലവിൽ ഗതാഗത നിയന്ത്രണമുണ്ട്. പൂർണമായും സ്റ്റാൻഡിൽ നിന്നുള്ള ബസ് ഗതാഗതത്തിന് നിയന്ത്രണം ഇല്ല. പത്ത് മണിക്കൂർ നീണ്ട ജോലിത്തിനൊടുവിലാണ് തീ പൂർണമായും അണക്കാനായത്. . തീപിടുത്തത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഫയർ ഡിപ്പാർട്ട്മെൻ്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൂടിയായ ജില്ലാ കളക്ടർക്കും കൈമാറും.
തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ്റെ പ്രതികരണം. വൈകിട്ട് 4.50നാണ് തീപിടുത്തം ഉണ്ടായത്. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. പിന്നീട് തീ പടർന്ന് പിടിക്കുകയായിരുന്നു.