source:internet
ലണ്ടൻ: യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും ബില്യൺ കണക്കിന് യൂറോ പിഴ ചുമത്തി. ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമായ വിലകുറഞ്ഞ ആപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടഞ്ഞതിന് യൂറോപ്യൻ കമ്മീഷൻ ആപ്പിളിന് 500 മില്യൺ യൂറോ (4840 കോടി രൂപ) പിഴ ചുമത്തി.
പരസ്യങ്ങൾ ഒഴിവാക്കാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് ഈടാക്കിയതിന് മെറ്റയ്ക്ക് 200 മില്യൺ യൂറോ (1936.52 കോടി രൂപ) പിഴ ചുമത്തി. രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും മാതൃ കമ്പനിയാണ് മെറ്റ.
കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (ഡിഎംഎ) കമ്പനികൾ പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് യൂറോപ്യൻ കമ്മീഷൻ നടത്തിയ ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പിഴ ചുമത്തിയത്.
ജൂൺ അവസാനത്തോടെ ആപ്പ് സ്റ്റോറിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ആപ്പിളിന് ഒരു ഉത്തരവും ലഭിച്ചു. പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ദിവസേന പിഴ ചുമത്താൻ കമ്മീഷന് അധികാരമുണ്ട്. കഴിഞ്ഞ വർഷം അവസാനം മെറ്റ നടപ്പിലാക്കിയ മാറ്റങ്ങളും കമ്മീഷൻ പരിശോധിക്കുന്നു.