പഹൽഗാം ഭീകരാക്രമണത്തിൽ ഞെട്ടല്‍ രേഘപ്പെടുത്തി കായികതാരങ്ങള്‍. സാധാരണക്കാർക്ക് നേരെയുണ്ടായ ഹീനമായ ആക്രമണത്തിൽ താൻ ഞെട്ടിപ്പോയി എന്ന് വിരാട് കോഹ്‌ലി പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവർക്ക് നീതി ലഭിക്കണം. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ എന്ന് ഹാർദിക് പാണ്ഡ്യ എഴുതി.
“പഹൽഗാമിൽ നിരപരാധികളായ ആളുകൾക്ക് നേരെയുണ്ടായ ഹീനമായ ആക്രമണത്തിൽ ഞാൻ അഗാധമായി ദുഃഖിതനാണ്. ഇരകളുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് സമാധാനവും ശക്തിയും ലഭിക്കട്ടെ, ഈ ഹീനമായ പ്രവൃത്തിക്ക് നീതി ലഭിക്കട്ടെ,” കോഹ്‌ലി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും ഉത്തരവാദികളായവർ വില നൽകുമെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ പറഞ്ഞു.
പഹൽഗാം ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് എന്റെ പ്രാർത്ഥനകൾ. നമ്മുടെ രാജ്യത്ത് അത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഒരു മുൻ പോസ്റ്റിൽ എഴുതി.
കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നു. ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ ചിന്തകൾ. സമാധാനത്തിനും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ. രാഹുൽ പറഞ്ഞു.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഗാധമായ ദുഃഖമുണ്ട്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു, നമുക്ക് പ്രത്യാശയിലും മനുഷ്യത്വത്തിലും ഒന്നിച്ചു നിൽക്കാം, യുവരാജ് സിങ്ങിന്റെ മുൻ പോസ്റ്റ് പറഞ്ഞു.
അതേസമയം, പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് ഭീകരരിൽ 3 പേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ രേഖാചിത്രങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടു. ഇവർക്ക് ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പാഷ്തോ സംസാരിക്കുന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.