ന്യൂഡൽഹി: പാകിസ്ഥാന്റെ സൈബർ ആക്രമണ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. നാല് പ്രധാന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി. ശ്രീനഗറിലെയും റാണിഖേത്തിലെയും ആർമി പബ്ലിക് സ്‌കൂൾ, ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ), ഇന്ത്യൻ എയർഫോഴ്‌സ് പ്ലേസ്‌മെന്റ് പോർട്ടൽ എന്നിവയ്‌ക്കെതിരെയായിരുന്നു സൈബർ ആക്രമണം.
ഇന്റർനെറ്റ് ഓഫ് കാലിഫേറ്റ് (ഐഒകെ) എന്നറിയപ്പെടുന്ന ഒരു കൂട്ടം ഹാക്കർമാരാണ് സൈബർ ആക്രമണ ശ്രമത്തിന് നേതൃത്വം നൽകിയതെന്ന് റിപ്പോർട്ട്. സൈന്യത്തിന്റെ സൈബർ സ്‌പെയ്‌സിൽ നേരിട്ട് പ്രവേശിക്കാനായിരുന്നു അവരുടെ ശ്രമം. പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങൾ നേടുകയും സേവനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
എന്നിരുന്നാലും, ഈ ശ്രമം ഇന്ത്യൻ സൈബർ സുരക്ഷാ വകുപ്പ് പരാജയപ്പെടുത്തി. മറ്റ് മൂന്ന് സ്ഥലങ്ങളിലും സമാനമായ ആക്രമണങ്ങൾ നടത്തി. കുറച്ച് സമയത്തേക്ക് ഹാക്കർമാർ സൈറ്റുകളിൽ നുഴഞ്ഞുകയറിയെങ്കിലും, ഇന്ത്യൻ സൈബർ സുരക്ഷാ വകുപ്പ് അത് ഫലപ്രദമായി കൈകാര്യം ചെയ്തു.
ഹാക്ക് ചെയ്തതിനുശേഷം, ചില സന്ദേശങ്ങൾ ഹാക്കർമാർ പോസ്റ്റ് ചെയ്തു, പക്ഷേ പിന്നീട് സുരക്ഷാ സേന ഇവ വീണ്ടെടുത്തു. സൈന്യത്തിന്റെ സൈബർ സ്‌പെയ്‌സിലേക്ക് നേരിട്ട് ഹാക്ക് ചെയ്യാനുള്ള ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാൻ സർക്കാരിന്റെ മൂന്ന് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം നടന്നെങ്കിലും പിന്നീട് ഇവ വീണ്ടെടുത്തു. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളിൽ ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, സുരക്ഷാ സേന ഇവ വേഗത്തിൽ വീണ്ടെടുത്തു.