വേദനസംഹാരികളും പോഷക സപ്ലിമെന്റുകളും ഉൾപ്പെടെ 35 ഫിക്സഡ്-ഡോസ് കോമ്പിനേഷൻ മരുന്നുകൾ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിരോധിച്ചു. നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ സജീവ ഘടകങ്ങൾ അടങ്ങിയ മരുന്നുകളാണ് എഫ്ഡിസി മരുന്നുകൾ. അംഗീകൃതമല്ലാത്ത എഫ്ഡിസികളുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ ഔദ്യോഗികമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യാഴാഴ്ച ഒരു ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വിദഗ്ദ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം.
സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കാതെയാണ് ഈ മരുന്നുകൾ നിർമ്മിക്കുന്നതെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിരോധനത്തിന് ശുപാർശ ചെയ്തത്.
അത്തരം മരുന്നുകളുടെ നിർമ്മാണത്തിനും വിൽപ്പനയ്ക്കും ലൈസൻസ് നൽകുന്നത് പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഇത് ചൂണ്ടിക്കാട്ടി. ഇവ കൂടാതെ, ഫിക്സഡ്-ഡോസ് കോമ്പിനേഷൻ മരുന്നുകൾ അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യാനും 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ വ്യവസ്ഥകളും നിയമങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംഘടന നിർദ്ദേശിച്ചിട്ടുണ്ട്.
അത്തരം അംഗീകൃതമല്ലാത്ത മരുന്ന് കോമ്പിനേഷനുകളുടെ ഉപയോഗം മൂലം വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് ചൂണ്ടിക്കാട്ടി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസുകളും അയച്ചു. എന്നിരുന്നാലും, അത്തരം മരുന്നുകൾക്കുള്ള ലൈസൻസുകൾ അനുവദിച്ചിട്ടുണ്ടെന്ന് കമ്പനികൾ മറുപടി നൽകി.