കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കം. ആവേശമായി റെഡ് വളന്റിയർ മാർച്ച്#Thaliprambu
By
Editor
on
ഫെബ്രുവരി 01, 2025
തളിപ്പറമ്പ്: സിപിഐ എം 24ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള കണ്ണൂർ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പിൽ തുടക്കമായി. പ്രതിനിധി സമ്മേളനം തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം കെ പി സഹദേവൻ പതാകയുയർത്തിയതോടെയാണ് മൂന്നു ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായത്. എൻ ചന്ദ്രൻ താൽക്കാലിക അധ്യക്ഷനായി.
സ്വാഗത സംഘം ചെയർമാൻ ടി കെ ഗോവിന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, എളമരം കരീം, പി കെ ശ്രീമതി, കെ കെ ശൈലജ, സി എസ് സുജാത, പി സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എം സ്വരാജ്, കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ കെ രാഗേഷ്, പി ശശി, ടി വി രാജേഷ്, വി ശിവദാസൻ, വൽസൻ പനോളി, ബിജു കണ്ടക്കൈ , കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ പങ്കെടുക്കുന്നു.
ജില്ലയിലെ 18 ഏരിയകളിൽനിന്ന് തെരഞ്ഞെടുത്ത 496 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും വളന്റിയർ മാർച്ച്‌പ്പെട്ടവരും കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 566 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിങ്കൾ വൈകിട്ട് തളിപ്പറമ്പ് നഗരം കേന്ദ്രീകരിച്ച് നടക്കുന്ന മാര്‍ച്ച് പൊതുസമ്മേളന നഗരിയിൽ സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
പൊതുസമ്മേളനം നടക്കുന്ന ഉണ്ടപ്പറമ്പ് മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ വെള്ളിയാഴ്‌ച വൈകിട്ട് നൂറുകണക്കിന് പ്രവർത്തകരെയും ചുവപ്പ് വളന്റിയർമാരെയും സാക്ഷിയാക്കി, ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ സംഘാടകസമിതി ചെയർമാൻ ടി കെ ഗോവിന്ദൻ പതാക ഉയർത്തി. കാവുമ്പായി രക്തസാക്ഷി നഗറിൽനിന്ന് പുറപ്പെട്ട കൊടിമരജാഥയും കരിവെള്ളൂർ രക്തസാക്ഷി നഗറിൽനിന്നുള്ള പതാകജാഥയും അവുങ്ങുംപൊയിലിലെ- ജോസ് – ദാമോദരൻ, പന്നിയൂരിലെ കൃഷ്‌ണൻ, ധീരജ് രാജേന്ദ്രൻ രക്തസാക്ഷി സ്‌മൃതി മണ്ഡപങ്ങളിൽനിന്നുള്ള ദീപശിഖാജാഥകളും പൊതുസമ്മേളന നഗരിയിൽ സംഗമിച്ചു. അത്‌ലീറ്റുകളുടെ അകമ്പടിയോടെ പ്രയാണം നടത്തിയ ജാഥകളിൽ രക്തസാക്ഷി കുടുംബങ്ങളുടെ സാന്നിധ്യം ആവേശംപകർന്നു.