കുടുംബവഴക്ക് ഭാര്യമാതാവിനെ മരുമകന്‍ തീകൊളുത്തി കൊന്നു;മരുമകനും മരിച്ചു #Kottayam


 

 

 

 

 

 

 

 

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. പാല അന്ത്യാളം സ്വദേശി നിര്‍മല, മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിര്‍മലയുടെ മരുമകന്‍ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നുപിടിച്ചു. നാട്ടുകാരെത്തി തീയണച്ച ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കും 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു. മരിച്ച മനോജും ഭാര്യാമാതാവായ നിര്‍മലയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച് തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു. വീട്ടില്‍ മുമ്പും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0