തൃപ്പൂണിത്തുറ: വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കളക്ടറേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണ് തെളിവെടുപ്പ് നടക്കുന്നത്. മരിച്ച മിഹിറിന്റെ രക്ഷിതാക്കളും സ്കൂൾ മാനേജുമെന്റും തെളിവെടുപ്പിന് എത്തിയിരുന്നു. ആരോപണവിധേയരായ കുട്ടികളിൽ നിന്ന് വിവരം ശേഖരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. അപകടത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പോക്സോ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. മൂന്ന് ദിവസത്തിനകം സർക്കാരിന് പരിശോധനാ റിപ്പോർട്ട് നൽകാനാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസിൽ താമസിക്കുന്ന സലിം– റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് (15) ജനുവരി 15ന് ഫ്ലാറ്റിന്റെ 26-ാംനിലയിൽനിന്ന് വീണ് മരിക്കുകയായിരുന്നു. തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. മിഹിർ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നും അതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം നടത്തി വരികയാണ്. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.
സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചതായും ക്ലോസറ്റ് നക്കിച്ചതായും മുഖം താഴ്ത്തി ഫ്ലഷ് ചെയ്‌തതായും പരാതിയിലുണ്ട്. സ്കൂളിലെ റാഗിങ്ങാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്ന് പരാതിയിൽ പറയുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മിഹിറിന്റെ മരണത്തില്‍ തെളിവെടുപ്പ് തുടങ്ങി#kerala
By
Editor
on
ഫെബ്രുവരി 03, 2025