ഒറ്റക്കെട്ടായി നേരിടാം കാൻസറിനെതിരെ മന്ത്രി വീണാ ജോർജ്#Kerala

 

 

 

 

തിരുവനന്തപുരം: കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം'എന്ന പേരിൽ ഒരു ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ലോക കാൻസർ ദിനമായ ഫെബ്രുവരി 4ന് വൈകുന്നേരം 4 മണിക്ക് ടാഗോർ തിയറ്ററിൽ വച്ച് മുഖ്യമന്ത്രി നിർവഹിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. ലോക കാൻസർ ദിനമായ ഫെബ്രുവരി 4 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 വരെയാണ് ആദ്യഘട്ട ക്യാമ്പയിൻ. ഈ കാലയളവിൽ സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗളാർബുദം (സെർവിക്കൽ കാൻസർ) എന്നിവയ്ക്ക് സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആകെ കാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് സ്തനാർബുദം (11.5%). ഇന്ത്യയിലാകട്ടെ ആകെ കാൻസറുകളിൽ ഒന്നാമതാണ് സ്തനാർബുദം (13.5%). അതേസമയം സ്ത്രീകളിലെ കാൻസറുകൾ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. കാൻസർ പലപ്പോഴും വളരെ താമസിച്ചു മാത്രമാണ് കണ്ടെത്തുന്നത്. അതിനാൽ സങ്കീർണതകളും കൂടുതലാണ്. നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തിൽ ഏകദേശം 9 ലക്ഷത്തോളം പേർക്ക് കാൻസർ രോഗ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ 9 ലക്ഷം പേരിൽ 1.5 ലക്ഷം ആളുകൾ മാത്രമാണ് തുടർ പരിശോധനയ്ക്ക് സന്നദ്ധമായിരുന്നത്. ബഹുഭൂരിപക്ഷവും പരിശോധനയ്ക്ക് എത്തുന്നില്ല. ഭയം, ആശങ്ക തുടങ്ങിയ നിരവധി കാരണങ്ങളാൽ പല കാൻസർ രോഗികളും അവസാന ഘട്ടങ്ങളിലാണ് ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നത്. പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും. ഇത് മുന്നിൽ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിക്കുന്നത്. സ്തനാർബുദം സ്വയം പരിശോധനയിലൂടെ പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല. അതിനാൽ എല്ലാ സ്ത്രീകളും ആരോഗ്യ കേന്ദ്രങ്ങളിലെത്തി കാൻസർ ഇല്ലെന്ന് ഉറപ്പാക്കണം. ചെറിയ മുഴയാണെങ്കിലും പരിശോധിച്ച് കാൻസർ അല്ലെന്ന് ഉറപ്പ് വരുത്തണം. രോഗം സംശയിക്കുന്നവർ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും തയ്യാറാവണം. സംസ്ഥാനത്തെ 855 ആരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്‌ക്രീനിംഗിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടാകും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കാൻസർ സ്‌ക്രീനിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. ഇതിന്റെ വിശദ വിവരങ്ങൾ ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും അറിയിക്കുന്നതാണ്. ബിപിഎൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായിട്ടായിരിക്കും പരിശോധന. എപിഎൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഉണ്ടായിരിക്കും. സ്വകാര്യ ആശുപത്രികളും ലാബുകളും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ കണ്ടുപിടിച്ചാൽ കാൻസർ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. വ്യക്തികൾക്കും പ്രിയപ്പെട്ടവർക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ കുറഞ്ഞ് കിട്ടുകയും ചെയ്യും. ഒരാൾ മറ്റൊരാളെ പരിശോധനയ്ക്കായി പ്രേരിപ്പിച്ച് എത്തിക്കണം. ഈയൊരു ക്യാമ്പയിനിൽ എല്ലാവരേയും പങ്കെടുപ്പിക്കാൻ മുഴുവൻ മാധ്യമ പ്രവർത്തകരുടേയും പൊതുജനങ്ങളുടേയും പിന്തുണയും മന്ത്രി അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0